സംസ്ഥാനത്ത് സാമൂഹിക വ്യാപനം സ്ഥിരീകരിച്ച ആദ്യക്ലസ്റ്ററുകൾ തിരുവനന്തപുരത്ത്; കടുത്ത ആശങ്ക

തീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമുണ്ടാവുകയാണ്. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 91 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 51 പേർ ഇന്ന് പോസിറ്റീവായതായി കണ്ടെത്തി.

Update: 2020-07-17 14:15 GMT

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് തലസ്ഥാന ജില്ലയിൽ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂന്തുറ, പുല്ലുവിള മേഖലയിൽ സാമൂഹിക വ്യാപനമുണ്ടായതായി കണ്ടെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായി സാമൂഹിക വ്യാപനമുണ്ടായതായി സംസ്ഥാന സർക്കാർ കണ്ടെത്തിയ ക്ലസ്റ്ററുകളാണ് ഇവ.

തീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമുണ്ടാവുകയാണ്. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 91 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 51 പേർ ഇന്ന് പോസിറ്റീവായതായി കണ്ടെത്തി. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 പേർക്ക് നടത്തിയ ടെസ്റ്റിൽ 26 എണ്ണവും പോസിറ്റീവായി. പുതുക്കുറിശ്ശിയിൽ 75 ൽ 20 പോസിറ്റീവ്. അഞ്ചുതെങ്ങിൽ 87 ൽ 15 പോസിറ്റീവ്. രോഗവ്യാപനം തീവ്രമായതിന്‍റെ ലക്ഷണമാണിത്. സാമൂഹിക വ്യാപനം നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീരമേഖലയിൽ പൂർണ ലോക്ക്ഡൗൺ വേണ്ടി വരും

കേരളം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് പൊതുവിൽ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്. കേരളത്തിലും ഇത് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പോസിറ്റീവായ 246 കേസുകളിൽ 2 പേർ മാത്രമാണ് വിദേശത്ത് നിന്ന് എത്തിയത്. 237 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണ്. തീര പ്രദേശങ്ങളിൽ പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വരും. നാളെ അത് വേണ്ടി വരും, പക്ഷേ ഇന്ന് പ്രഖ്യാപിക്കുന്നില്ല എന്നും മുഖ്യമന്ത്രി പറയുന്നു.

തീരപ്രദേശം മൂന്ന് സോണുകളാക്കും

തീര മേഖലയെ മൂന്ന് സോണുകളാക്കും. അഞ്ച് തെങ്ങ് - പെരുമാതുറ ഒരു സോണാകും. പെരുമാതുറ- വിഴിഞ്ഞം രണ്ടാം സോൺ, വിഴിഞ്ഞം-ഊരമ്പ് മൂന്നാം സോൺ എന്നിങ്ങനെയാണ് സോണുകൾ. പോലിസിന്‍റെ നേതൃത്വത്തിൽ രോഗ പ്രതിരോധ പ്രവ‍ർത്തനങ്ങൾക്കായി പ്രത്യേക സംവിധാനത്തിന് രൂപം നൽകി. ഇതിന്‍റെ ചുമതലയുള്ള സ്പെഷൽ ഓഫീസർ തിരുവനന്തപുരം കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ ആയിരിക്കും. പ്രത്യേക കൺട്രോൾ റൂം ഉണ്ടാകും. വിവിധ വകുപ്പുകൾ ചേർന്ന് സംയുക്ത ആലോചനയും പ്രവർത്തനവും നടക്കും.

അഞ്ച് തെങ്ങ് മുതൽ പെരുമാതുര വരെയുള്ള ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാർ, പെരുമാതുറ മുതൽ വിഴിഞ്ഞം വരെയുള്ള ചുമതല വിജിലൻസ് എസ്പി എ ഇ ബൈജുവിനുമാണ്. കാഞ്ഞിരംകുളം മുതൽ പൊഴിയൂർ വരെയുള്ള ചുമതല പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ കെ എൽ ജോൺകുട്ടിയുടെ നിയന്ത്രണത്തിലാകും. മൂന്ന് മേഖലകളിലേക്കും ഡിവൈഎസ്പിമാരെയും നിയോഗിക്കും. ജനമൈത്രി പൊലീസും സഹായിക്കും. ഈ രീതി നടപ്പാക്കുക എന്നതാണ് ഉദ്ദേശം. ഈ സോണുകളിൽ ഓരോന്നിലും രണ്ട് മുതിർന്ന ഐഎഎസ് ഓഫീസർമാർ വീതം ഇൻസിഡൻന്‍റ് കമാൻഡർമാരായി നിയോഗിക്കും.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല

സോൺ 1 - ഹരികിഷോർ, യു വി ജോസ്, സോൺ 2 - എം ജി രാജമാണിക്യം, ബാലകിരൺ, സോൺ 3 - വെങ്കിടേശപതി, ബിജു പ്രഭാകർ. ഇതിന് പുറമേ ആവശ്യം വന്നാൽ ശ്രീവിദ്യ, ദിവ്യ അയ്യർ എന്നിവരെയും നിയോഗിക്കും.

ആരോഗ്യകാര്യങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കും. ഓരോ ടീമിലും ഡോക്ടർമാരും ഉണ്ടാകും. തീരമേഖലയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിത സമയം തുറക്കും. മത്സ്യബന്ധനത്തിന് നിയന്ത്രണം തുടരും. അരിയും ഭക്ഷ്യധാന്യങ്ങളും വിൽക്കാൻ സിവിൽ സപ്ലൈസ് യൂണിറ്റുണ്ടാകും. പൂന്തുറ പാൽ സംസ്കരണ യൂണിറ്റ് തുടർന്ന് പ്രവർത്തിക്കും.

ഇവിടെ പ്രത്യേക ലോക്ക്ഡൗൺ മാനദണ്ഡങ്ങളുണ്ടാകും. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തിരുവനന്തപുരത്ത് പെട്ടെന്ന് പൂർത്തിയാക്കും. കണ്ടെയ്ൻമെന്റ് സോണിൽ ജനം പുറത്തിറങ്ങരുത്. അവശ്യ സാധനങ്ങൾ ലഭ്യമാക്കും. തീരദേശത്ത് ആളുകളുടെ സഞ്ചാരം ഒഴിവാക്കണം. കരിങ്കുളത്ത് ഒരാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാകും. കഠിനംകുളം, ചിറയിൻകീഴ് പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags: