രോഗവ്യാപനം തടയാന്‍ ജില്ല തിരിച്ച് ശക്തമായ നടപടികള്‍; വയനാട്ടിലെ 3 ചുരങ്ങളില്‍ മെഡിക്കല്‍ ഗതാഗതം മാത്രം

മഴ ശക്തി പ്രാപിച്ചതോടെ എറണാകുളത്ത് ദുരിതാശ്വാസ ക്യാംപ് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കുന്നു.

Update: 2020-07-30 13:30 GMT

തിരുവനന്തപുരം: രോഗവ്യാപനം തടയാന്‍ ജില്ല തിരിച്ച് ശക്തമായ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപനം കൂടിയ തിരുവനന്തപുരത്ത് പ്രതിരോധത്തിനായി ശക്തമായ നടപടി ഒരുക്കി. 23 സിഎഫ്എല്‍ടിസികളില്‍ 2500 കിടക്കയൊരുക്കി. 1512 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്നു. 888 കിടക്കകള്‍ ഒഴിവുണ്ട്. ഇനിയും കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കും. തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ പൂര്‍ണ്ണ കൊവിഡ് ആശുപത്രിയാക്കും, ഇവിടെ ചികിത്സയിലുള്ള രോഗികൾക്കായി നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ ക്രമീകരണം ഏര്‍പ്പെടുത്തി.769 കിടക്കകളാണ് ജനറല്‍ ആശുപത്രിയിലുള്ളത്. 25 ഐസിയു കിടക്കയും ഉണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കാം.

കൊല്ലത്ത് കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവ് അനുവദിച്ച സ്ഥലത്ത് കശുവണ്ടി ഫാക്ടറികള്‍ തുറക്കും. പത്തനംതിട്ടയില്‍ പോലിസിന്റെ എആര്‍ ക്യാംപ് കേന്ദ്രീകരിച്ച് ക്ലോസ്ഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഇവിടെയുള്ള അഞ്ച് പോലിസുകാര്‍ക്കും ക്യാംപ് സന്ദര്‍ശിച്ച രണ്ട് പോലിസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഴ ശക്തി പ്രാപിച്ചതോടെ എറണാകുളത്ത് ദുരിതാശ്വാസ ക്യാംപ് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കുന്നു. നിരീക്ഷണത്തിലുള്ളവരെ പ്രത്യേക സ്ഥലത്ത് താമസിപ്പിക്കുന്നു. മലപ്പുറത്ത് കൊണ്ടോട്ടിയില്‍ 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രികളടക്കം അഞ്ച് കേന്ദ്രങ്ങളില്‍ കൊവിഡ് ചികിത്സാ സൗകര്യം ഒരുക്കും. ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കരുതല്‍ കെയര്‍ സെന്റര്‍ ആരംഭിച്ചു. വയനാട്ടിലെ പെരിയ,. പാല്‍ച്ചുരം,കുറ്റ്യാടി ചുരങ്ങളില്‍ ചരക്ക്- മെഡിക്കല്‍ ഗതാഗതം മാത്രമേ അനുവദിക്കൂ. എവിടെയും 20ല്‍ കൂടുതല്‍ പേര്‍ വിവാഹത്തില്‍ പങ്കെടുക്കരുത്. വിവാഹ ചടങ്ങ് മൂന്ന് മണിക്കൂറില്‍ കൂടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News