സംസ്ഥാനത്ത് 13 പേർക്കു കൂടി കൊവിഡ്; മേയ് 15 വരെ ഭാഗിക ലോക്ക് ഡൗണ്‍ തുടരണം

കോട്ടയവും ഇടുക്കിയും റെഡ് സോണില്‍. അന്തര്‍ ജില്ല, സംസ്ഥാനാന്തര യാത്രകള്‍ മേയ് 15 വരെ നിയന്ത്രിക്കണം. പാവപ്പെട്ട പ്രവാസികളുടെ വിമാനയാത്രാക്കൂലി കേന്ദ്രം വഹിക്കണം.

Update: 2020-04-27 11:45 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് ആറുപേർക്കും ഇടുക്കിയിൽ നാലുപേർക്കും പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ തമിഴ്നാട്ടിൽനിന്നു വന്നവരാണ്. ഒരാൾ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്ക് രോഗബാധ എങ്ങനെയുണ്ടായി എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള ആറുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.

ഹോട്ട്സ്‌പോട്ടുകളില്‍ മാറ്റം വന്നിട്ടുണ്ട്. ഇതോടൊപ്പം റെഡ് സോണുകളിലും മാറ്റം വരും. കോട്ടയവും ഇടുക്കിയും റെഡ് സോണിലാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം റെഡ് സോണില്‍ തുടരും. 481 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 123 പേരാണ് ഇപ്പോള്‍ ചികില്‍സ തേടുന്നത്. .ഇന്ന് 13 പേരുടെ ഫലം നെഗറ്റീവായി. കണ്ണൂരിൽ ആറുപേർക്കും കോഴിക്കോട്ട് നാലുപേർക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് നെഗറ്റീവായത്. 

20,301 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 19,812 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 489 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്നു മാത്രം 104 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23,271 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 22,537 എണ്ണത്തിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ളവർ തുടങ്ങി ഇത്തരത്തിൽ മുൻഗണനാ ഗ്രൂപ്പിൽനിന്ന് 875 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ 611 സാമ്പിളുകൾ നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ 3056 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

മേയ് 15 വരെ ഭാഗിക ലോക്ക് ഡൗണ്‍ തുടരണമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. അന്തര്‍ ജില്ല, സംസ്ഥാനാന്തര യാത്രകള്‍ മേയ് 15 വരെ നിയന്ത്രിക്കണം. സാമൂഹിക അകലം ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പാലിച്ചുമാത്രം ഇളവുകള്‍. കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ട പ്രവാസികളുടെ വിമാനയാത്രക്കൂലി കേന്ദ്രം വഹിക്കണമെന്നും ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Tags:    

Similar News