സംസ്ഥാനത്ത് 7 പേർക്ക് കൂടി കൊവിഡ്; പൊതുനിയന്ത്രണങ്ങൾ തുടരും, നാല് ജില്ലകൾക്ക് ഇളവില്ല

റെഡ് സോണിലുള്ള കണ്ണൂർ, കാസർകോഡ്, മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് ഇളവില്ല. കേന്ദ്രത്തിൻ്റെ അനുമതിയോടെ നാലിടത്തും ലോക്ക്ഡൗൺ ഇളവില്ലാതെ കർശനമായി തുടരും.

Update: 2020-04-16 13:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ - 4, കോഴിക്കോട് -2, കാസർകോഡ്- 1 എന്നിവിടങ്ങളിലാണ് രോഗബാധ. കേന്ദ്രം ലോക്ക് ഡൗണിൻ്റെ ഭാഗമായി നിർദ്ദേശിച്ച പൊതുനിയന്ത്രണങ്ങൾ മെയ് 3 വരെ സംസ്ഥാനത്ത് പൂർണമായും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീവ്ര ബാധിത ജില്ലകളായ കണ്ണൂർ, കാസർകോഡ്, മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് ഇളവില്ല.

ഇന്ന് രോഗം ബാധിച്ചവരിൽ 5 പേർ വിദേശത്തു നിന്നെത്തിയവരാണ്. 2 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. ഇന്ന് 27 പേർക്ക് രോഗം ഭേദമായി. കാസർകോഡ് - 24, എറണാകുളം-1, മലപ്പുറം-1, കണ്ണൂർ - 1 എന്നിങ്ങനെയാണ് രോഗം ഭേദമായത്.

ഇതുവരെ സംസ്ഥാനത്ത് 394 പേർക്കാണ് രോഗം പിടിപെട്ടത്. നിലവിൽ 147 പേരാണ് ചികിൽസയിൽ കഴിയുന്നത്. 88855 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവരിൽ 88332 പേർ വീടുകളിലും 523 പേർ ആശുപത്രികളിലും കഴിയുന്നു. രോഗലക്ഷണങ്ങളോടെ 108 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 16459 ഫലങ്ങൾ രോഗബാധയില്ലെന്ന് ഉറപ്പാക്കി.

ബ്രിട്ടീഷ് എയർവേസിൻ്റെ പ്രത്യേക വിമാനം 268 യാത്രക്കാരുമായി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് യാത്ര പോയി. ഇവരിൽ കോവിഡ് ഭേദപ്പെട്ട 7 വിദേശ പൗരൻമാരുണ്ടായിരുന്നു. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിൻ്റെ നേട്ടമാണിത്. കേരളത്തിന് നന്ദിയറിയിച്ചാണ് എല്ലാവരും യാത്രയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മെയ് 3 വരെ കേന്ദ്രം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള പൊതുനിയന്ത്രണങ്ങൾ പൂർണമായും സംസ്ഥാനം അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യും. റെഡ് സോണിലു ളള കണ്ണൂർ, കാസർകോഡ്, മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് ഇളവില്ല. കേന്ദ്രത്തിൻ്റെ അനുമതിയോടെ നാലിടത്തും ലോക്ക്ഡൗൺ ഇളവില്ലാതെ കർശനമായി തുടരും. 

Tags:    

Similar News