സംസ്ഥാനത്ത് 2 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആണ്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Update: 2020-03-15 13:30 GMT

തിരുവനന്തപുരം: കേരളത്തില്‍ 2 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. മൂന്നാറില്‍ റിസോര്‍ട്ടില്‍ താമസിച്ച യുകെ സ്വദേശിയാണ് ഒന്നാമത്തെയാള്‍. ഇദ്ദേഹം കളമശേരി മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്താണ് രണ്ടാമത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ പഠനാവശ്യത്തിന് പോയി മടങ്ങിവന്ന ഒരു ഡോക്ടറാണ്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.

ഇതോടെ കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആണ്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

141 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിക്കുന്നതിനാലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 10,655 പേര്‍ വീടുകളിലും, 289 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 2147 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1514 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Tags: