കൊവിഡ് 19 മുന്‍കരുതല്‍; നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കുന്നു

സഭാസമ്മേളനം വെട്ടിച്ചുരുക്കുമെന്നത് അനാവശ്യഭീതിയുണ്ടാക്കുമെന്നതടക്കമുള്ള പ്രതിപക്ഷവാദം തള്ളിയാണ് കാര്യോപദേശക സമിതിയുടെ തീരുമാനം.

Update: 2020-03-13 04:18 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നു. ഏപ്രില്‍ എട്ടുവരെ നടത്താനിരുന്ന സമ്മേളനം ഇന്നത്തോടെ അവസാനിപ്പിക്കാനാണ് തീരുമാനം. അതേസമയം, സഭാസമ്മേളനം വെട്ടിച്ചുരുക്കുമെന്നത് അനാവശ്യഭീതിയുണ്ടാക്കുമെന്നതടക്കമുള്ള പ്രതിപക്ഷവാദം തള്ളിയാണ് കാര്യോപദേശക സമിതിയുടെ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി സഭയെ അറിയിക്കും. ഈ നടപടിയില്‍ സഭയിലും പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച പ്രധാന കാര്യം കൊവിഡ് ജാഗ്രതയില്‍ നില്‍ക്കുന്ന സമയത്ത് നിയമസഭാ സമ്മേളനവുമായി മുന്നോട്ടുപോവുന്നത് ശരിയല്ലെന്നായിരുന്നു. എന്നാല്‍, രാജ്യസഭയും ലോക്‌സഭയും തുടരുന്നുണ്ട്, വിവിധ നിയമസഭകള്‍ ചേരുന്നുണ്ട്. അതിനാല്‍, നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പ്രതിപക്ഷം. വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനയില്‍ വിശദമായ ചര്‍ച്ച ഇനി നടക്കേണ്ടതുണ്ട്. ഈ സര്‍ക്കാരിന്റെ അവസാനത്തേതാണ് ഇത്തരമൊരു ചര്‍ച്ച.

ചര്‍ച്ചയില്‍നിന്ന് ഒളിച്ചോടാനുള്ള സര്‍ക്കാരിന്റെ നീക്കമാണെന്ന ആക്ഷേപമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. ഇതുസംബന്ധിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. ധനകാര്യബില്‍ ചര്‍ച്ചയോടെ മാത്രമെ പാസാക്കാവൂ എന്ന് പ്രതിപക്ഷം കാര്യോപദേശക സമിതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും സഭയില്‍ മുഖ്യമന്ത്രി നിലപാട് അറിയിക്കും.

Tags:    

Similar News