കൊവിഡ്-19- അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതി; മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ പേരില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുത്തരുത്

ഇപ്പോഴത്തെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് അവസരത്തിനൊത്ത് ഉയരണമെന്നും അവശ്യവസ്തുക്കളുടെ ചരക്ക് നീക്കം, ആരോഗ്യ ചികില്‍സ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു

Update: 2020-03-30 10:58 GMT

കൊച്ചി: മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ പേരില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുത്തരുതെന്ന് ഹൈക്കോടതി.കര്‍ണാടക അതിര്‍ത്തി റോഡുകള്‍ അടച്ച നടപടിയില്‍ രമ്യമായ പരിഹാരം കണ്ടെത്തണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍,ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഹരജി പരിഗണിച്ചത്.

ഇപ്പോഴത്തെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് അവസരത്തിനൊത്ത് ഉയരണമെന്നും അവശ്യവസ്തുക്കളുടെ ചരക്ക് നീക്കം, ആരോഗ്യ ചികില്‍സ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു. അതിര്‍ത്തിയിലെ ഗതാഗതം തടസപെടുത്തിയ കര്‍ണാടകത്തിന്റെ നിലപാട് നിയമവിരുദ്ധമാണെന്നും മംഗലാപുരത്ത് ആശുപത്രികളില്‍ ചികില്‍സ തേടുന്ന രോഗികളെ ഇത് സാരമായി ബാധിക്കുമെന്നും അതിനാല്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ കോടതിയെ അറിയിച്ചു. ഗതാഗതം തടസപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാരിന് അവകാശമില്ലെന്നും ദേശിയ പാത അതോരിറ്റിയുടെ അധീനതയിലാണ് കര്‍ണാടക അടച്ച റോഡുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം കേസില്‍ നിലപാട് അറിയിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സാവകാശം തേടി. വിഷയത്തില്‍ പ്രാദേശിക ഭരണകൂടമാണ് തീരുമാനം എടുക്കേണ്ടതെന്നും കര്‍ണാടക സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് തടയണമെന്നും പോലിസ് അതിക്രമങ്ങള്‍ വര്‍ധിച്ചതായും ഹരജിയില്‍ ആരോപിച്ചിരുന്നു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.അതേ സമയം കാസര്‍കോഡ് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള കത്തിന്റെ അടിസ്ഥാനത്തിലുള്ള ഹരജിയിലെ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു. ഇക്കാര്യത്തില്‍ കോടതി സ്വമേധയ മറ്റൊരു കേസെടുത്ത സാഹചര്യത്തിലാണ് നടപടികള്‍ അവസാനിപ്പിച്ചത്.

Tags:    

Similar News