കൊറോണ പ്രതിരോധം: കര്‍മഭൂമിയില്‍ വിശ്രമമില്ലാതെ ഡിഎംഒ ഡോ. സക്കീന

മങ്കട ഗവ. ഹൈസ്‌കൂളില്‍ നിന്ന് 1981-82 ബാച്ചില്‍ പത്താംതരം പൂര്‍ത്തിയാക്കിയ വള്ളുവനാടിന്റെ മനസറിയുന്ന സാധാരക്കാരിയായ പെണ്‍കുട്ടി ഇന്നും പഠിച്ച സ്‌കൂളിലെ അലുംനിയോടൊപ്പം ചേര്‍ന്ന് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജന്മനാട്ടില്‍ നേതൃത്വം നല്‍കുന്നുണ്ട്.

Update: 2020-03-27 04:39 GMT

കെപിഒ റഹ്മത്തുല്ല

മലപ്പുറം: കൊറോണ വ്യാപനത്തില്‍ മലപ്പുറം ജില്ലയും പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കര്‍മഭൂമിയില്‍ നിറസാനിധ്യമാവുകയാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ: കെ സക്കീന. ജില്ലയിലെ ആരോഗ്യ മേഖലയില്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായ എല്ലാ കാതലായ മാറ്റങ്ങളിലും ഡോ. സക്കീനയും പങ്കാളിയായിരുന്നു. ജില്ലക്ക് അഭിമാനിക്കാവുന്ന ജില്ലക്കാരായ ഉദ്യോഗസ്ഥമേധാവികളാണ് ഇപ്പോള്‍ നേതൃത്വത്തിലുള്ളത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ദൈനംദിന അവലോകന യോഗങ്ങള്‍, ഏകോപനം, ശാക്തീകരണ പ്രവര്‍ത്തനങ്ങളിലെല്ലാം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക്, ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം ഐപിഎസ്, എഡിഎം എന്‍ എം മഹറലി എന്നിവരോടൊപ്പം രാപകല്‍ വ്യത്യാസമില്ലാതെ ഓടി നടക്കുകയാണ് ഡോ. സക്കീനയും. ആരോഗ്യ പ്രവര്‍ത്തകരെ ഒരേ കുടക്കീഴില്‍ അണിനിരത്തി പ്രതിക്കൂല സഹചര്യത്തെ നേരിടുന്നതിനുള്ള നെട്ടോട്ടത്തിലാണ് അവര്‍.

മങ്കട ഗവ. ഹൈസ്‌കൂളില്‍ നിന്ന് 1981-82 ബാച്ചില്‍ പത്താംതരം പൂര്‍ത്തിയാക്കിയ വള്ളുവനാടിന്റെ മനസറിയുന്ന സാധാരക്കാരിയായ പെണ്‍കുട്ടി ഇന്നും പഠിച്ച സ്‌കൂളിലെ അലുംനിയോടൊപ്പം ചേര്‍ന്ന് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജന്മനാട്ടില്‍ നേതൃത്വം നല്‍കുന്നുണ്ട്. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റേയും പ്രതിഫലനമാണ് ഒരു സാധാരണ സര്‍ക്കാര്‍ ഡോക്ടറായി സേവനത്തിനിറങ്ങിയ സക്കീനയെ ഉന്നതങ്ങളിലെത്തിച്ചത്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളോട് നീതീപുലര്‍ത്തുക എന്നത് കൃത്യ നിര്‍വഹണത്തിന്റെ ഭരണഘടനയായി സ്വീകരിച്ച സാധാരണക്കാരുടെ ഡോക്ടര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെവിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

മങ്കട സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കാരയില്‍ സെയ്താലിക്കുട്ടിയുടെ മകളാണ്. തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശിയും ഫറോക്ക് കോളജ് (കെമിസ്ട്രി) റിട്ട: പ്രഫസറുമായ മുസ്‌ല്യാരകത്ത് ജാഫറാണ് ഭര്‍ത്താവ്. നാസ്മിന്‍, നിസാര്‍ അഹമദ് കോട്ടക്കല്‍ (ദുബൈ), ഡോ: നദീം(കര്‍ണാടക), ഡോ: നഹീമ (എംഇഎസ്, പെരിന്തല്‍മണ്ണ) എന്നിവര്‍ മക്കളാണ്. രണ്ട് വര്‍ഷത്തിലധികമായി ഡോ.സക്കീന ജില്ലയുടെ ആരോഗ്യ വിഭാഗം മേലാധികാരിയായി ചുമതലയേറ്റെടുത്തിട്ട്. 

Tags:    

Similar News