കൊവിഡ് 19: വിമാനത്താവളങ്ങളിലെ ക്രമീകരണം

വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ നാലു വിമാനത്താളങ്ങളിലെയും മേധവികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു.

Update: 2020-03-16 17:33 GMT

തിരുവനന്തപുരം: കൊവിഡ് 19 നിയന്ത്രിക്കുന്നതിന് വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ നാലു വിമാനത്താളങ്ങളിലെയും മേധവികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താളമേധാവികള്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സില്‍ ഉണ്ടായ ധാരണകള്‍:

1.ആഭ്യന്തര യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കണം.

2.വിദേശത്തേക്ക് പോകുന്നവരെയും സ്‌ക്രീന്‍ ചെയ്യണം.

3.വിദേശത്തുനിന്ന് വരുന്നവര്‍ക്ക് പുറത്തുകടക്കാന്‍ തിരക്കുണ്ടാവും. ഇതു കണക്കിലെടുത്ത് പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം.

4.പരിശോധനയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. കൂടുതല്‍ പരിശോധനാ സംഘത്തെയും വേണ്ടിവരും. ഇതിനാവശ്യമായ സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കും.

5.കൂടുതല്‍ എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കണം.

6.കസ്റ്റംസ് പരിശോധനയ്ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകണം. വിമാനത്താവളത്തില്‍ ഒരുതരത്തിലുള്ള തിക്കും തിരക്കും ഉണ്ടാകരുത്.

7.രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആംബുലന്‍സില്‍ അപ്പോള്‍തന്നെ ആശുപത്രിയിലേക്ക് മാറ്റണം. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത വിദേശയാത്രക്കാരെ, വീടുകളില്‍ ഐസോലേഷനില്‍ ആക്കണം. പോലിസിന്റെ മേല്‍നോട്ടത്തില്‍ അവരെ വീടുകളില്‍ എത്തിക്കണം.

8.വീടുകളില്‍ ഐസോലേഷനില്‍ പോകാന്‍ നിര്‍ദേശിക്കപ്പെട്ടവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ ആരോഗ്യ വകുപ്പിന്റെ സെല്ലില്‍ അറിയിക്കണം.

9.വിമാനത്താവളങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിന് കര്‍ശനമായ നടപടികള്‍ വേണം. യാത്രയയ്ക്കാനും സ്വീകരിക്കാനും ഒരുപാട് പേര്‍ എത്തുന്നത് തടയണം.

10.വിദേശത്തുനിന്ന് വന്ന് ഹോം ക്വാറന്റൈനില്‍ പോകുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വിമാനത്താവളത്തില്‍ നിന്നു തന്നെ നല്‍കണം.

11.വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആംബുലന്‍സ് ലഭ്യമാക്കും. ഐഎംഎ ഇക്കാര്യത്തില്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

Tags:    

Similar News