ഇരുനൂറിലധികം പൂരങ്ങള്‍ ചടങ്ങുകളില്‍ ഒതുങ്ങും; തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല
സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശങ്ങള്‍ പരിഗണിച്ച് എല്ലാ ക്ഷേത്രങ്ങളിലെയും ആള് കൂടുന്ന ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയതായിട്ടാണ് ദേവസ്വത്തിന്റെ അറിയിപ്പ്. അതേസമയം ക്ഷേത്രം തുറക്കുകയും ആചാരപരമായ ചടങ്ങുകള്‍ മുടക്കമില്ലാതെ തുടരുകയും ചെയ്യും.
തൃശൂര്‍: കൊറോണ വൈറസ് സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. മാര്‍ച്ച് മാസത്തില്‍ കൊച്ചിന്‍ ദേവസ്വത്തിന് കീഴിലുള്ള ഇരുനൂറിലധികം ക്ഷേത്രങ്ങളിലാണ് ഉല്‍സവങ്ങള്‍ നടക്കുക. ഈ ക്ഷേത്രങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുള്ളത്.
സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശങ്ങള്‍ പരിഗണിച്ച് എല്ലാ ക്ഷേത്രങ്ങളിലെയും ആള് കൂടുന്ന ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയതായിട്ടാണ് ദേവസ്വത്തിന്റെ അറിയിപ്പ്. അതേസമയം ക്ഷേത്രം തുറക്കുകയും ആചാരപരമായ ചടങ്ങുകള്‍ മുടക്കമില്ലാതെ തുടരുകയും ചെയ്യും.
ഉത്സവത്തിന് പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുമെന്ന് കണ്ടാണ് ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങ് മാത്രം നടത്താന്‍ തീരുമാനിച്ചത്. അടിയന്തര യോഗം ചേര്‍ന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. മാര്‍ച്ച് 31 വരെയുളള ഉത്സവങ്ങള്‍ക്കാണ് നിയന്ത്രണങ്ങള്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. തൃശൂര്‍ പൂരം , ആറാട്ടുപുഴ പൂരം എന്നിവയെക്കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ക്ഷേത്ര ഉത്സവങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായി. ഈ മാസം 31 വരെ ആനക്കോട്ടയില്‍ സന്ദര്‍ശകരെ വിലക്കി.