വിദ്യാര്‍ഥികളെ സിഐ മര്‍ദിച്ചെന്ന്; നാട്ടുകാര്‍ കുറ്റിപ്പുറം പോലിസ് സ്റ്റേഷന് ഉപരോധിച്ചു
പ്ലസ്വണ് വിദ്യാര്‍ഥിയായ ഹിഷാം ഹൈദര്‍, ബികോം വിദ്യാര്‍ഥി റിഷാദ് എന്നിവരെ സിഐ മണികണ്ഠന് പോലിസ് സ്റ്റേഷനില്‍വച്ച് മര്‍ദിച്ചെന്നാണ് പരാതി.
മലപ്പുറം: ബൈക്ക് യാത്രക്കാരായ വിദ്യാര്‍ഥികളെ സിഐ മര്ദിച്ചെരോപിച്ച് നാട്ടുകാര്‍ കുറ്റിപ്പുറം പോലിസ് സ്റ്റേഷന് ഉപരോധിച്ചു. പ്ലസ്വണ് വിദ്യാര്‍ഥിയായ ഹിഷാം ഹൈദര്‍, ബികോം വിദ്യാര്‍ഥി റിഷാദ് എന്നിവരെ സിഐ മണികണ്ഠന് പോലിസ് സ്റ്റേഷനില്‍വച്ച് മര്‍ദിച്ചെന്നാണ് പരാതി. പോലിസിന്റെ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ഇവരെ പോലിസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ബൈക്കില്‍ മൂന്നുപേരുണ്ടായിരുന്നതുകൊണ്ട് നിര്‍ത്താതിരുന്നത് പേടിച്ചാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പോലിസ് പിന്തുടര്‍ന്നതോടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. മറ്റ് രണ്ട് വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ഥികളെ സിഐ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. നാട്ടുകാര്‍ ബഹളം വച്ചതോടെ ഇരുവരെയും പോലിസ് കുറ്റിപ്പുറം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.