വിശ്വാസം മറയാക്കി ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തും: മുഖ്യമന്ത്രി

കേരള നിയമസഭ, സാക്ഷരതാ മിഷന്‍ അതോറിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2019-01-26 15:59 GMT

തിരുവനന്തപുരം: വിശ്വാസത്തെയും ആചാരത്തെയും മറയാക്കി സ്ഥാപിത താല്‍രര്യക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ശ്രമങ്ങളെ നവോത്ഥാന പാരമ്പര്യമുള്ള കേരളസമൂഹം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ, സാക്ഷരതാ മിഷന്‍ അതോറിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികതയില്‍ അടിസ്ഥാനമായ നവോത്ഥാനമൂല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ബോധപൂര്‍വ ശ്രമം സമൂഹത്തില്‍ നടക്കുന്നത് ഗൗരവമായി കാണണം. അടിസ്ഥാന സാക്ഷരത പോലെ അനിവാര്യമായ ഒന്നാണ് ഭരണഘടനാ സാക്ഷരതയും. ഭരണഘടന സംരക്ഷിക്കണമെന്ന ഉത്തരവാദിത്വബോധം ജനങ്ങളില്‍ ഉയര്‍ത്താന്‍ ഭരണഘടനാസാക്ഷരതാ ജനകീയവിദ്യാഭ്യാസ പരിപാടി സഹായിക്കും. ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കാണ്. ഭരണഘടനയെ വെല്ലുവിളിക്കുള്ള പ്രവണത വര്‍ധിച്ചുവരുന്നു. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങളുമായി പൊരുത്തപ്പെടാത്തവരാണ് ഇത്തരം സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതാമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ ആമുഖം അവതരിപ്പിച്ചു. മേയര്‍ വി കെ പ്രശാന്ത്, നവോത്ഥാനമൂല്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. നിയമസഭാ സെക്രട്ടറി വി കെ ബാബുപ്രകാശ്, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ കെ അയ്യപ്പന്‍ നായര്‍ സംസാരിച്ചു.




Tags:    

Similar News