എസ് രാജേന്ദ്രന്റെ നടപടി തരംതാണതെന്ന് ചെന്നിത്തല; എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കണമെന്ന് സുധീരന്‍

മൂന്നാറില്‍ ഭൂമി കൊള്ളയും കൈയേറ്റവും തടയാന്‍ ബാധ്യസ്ഥരായ ഭരണകക്ഷിക്കാര്‍ തന്നെ അതിന് നേതൃത്വം നല്‍കുകയും അതിനെ തടയാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് വിചിത്രമാണ്.

Update: 2019-02-10 15:14 GMT

തിരുവനന്തപുരം: മൂന്നാറില്‍ അനധികൃത നിര്‍മ്മാണം തടയാനെത്തിയ ദേവികുളം സബ്കലക്ടര്‍ രേണുരാജിനെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടി തരംതാണതും നിന്ദ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ജനപ്രതിനിധിക്ക് യോജിച്ച പ്രവര്‍ത്തിയല്ലിത്. മൂന്നാറില്‍ കൈയേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തടയാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതും ഓടിക്കുന്നതും തുടര്‍ക്കഥയായി മാറി. കൈയേറ്റം ഒഴിപ്പിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ മുട്ടുകാല്‍ തല്ലി ഒടിക്കുമെന്നാണ് ഒരു മന്ത്രി നേരത്തെ പറഞ്ഞത്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥാനത്ത് നിന്ന് തെറിപ്പിക്കുകയും ചെയ്യുന്നു. മൂന്നാറില്‍ ഭൂമി കൊള്ളയും കൈയേറ്റവും തടയാന്‍ ബാധ്യസ്ഥരായ ഭരണകക്ഷിക്കാര്‍ തന്നെ അതിന് നേതൃത്വം നല്‍കുകയും അതിനെ തടയാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് വിചിത്രമാണ്. ഭരണം ഉണ്ടെന്ന് കരുതി എന്തും ആവാമെന്ന് സിപിഎം ധരിക്കരുതെന്ന് ചെന്നിത്തല പറഞ്ഞു.

ഒരു നിയമസാഭാംഗത്തിന്റെ അന്തസിനു അനുയോജ്യമല്ലാത്ത പ്രവര്‍ത്തിയാണ് എസ് രാജേന്ദ്രന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തെ കുറിച്ച് നിയമസഭയുടെ പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റി അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നല്‍കിയ കത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News