കേന്ദ്രബജറ്റ് പ്രവാസികള്‍ക്ക് ഇരുട്ടടി: പിഡിപി

വിദേശരാജ്യങ്ങളിലെ പുതിയ തൊഴില്‍ നിയമങ്ങള്‍ മൂലം പ്രതിസന്ധി നേരിടുന്ന പ്രവാസികളെ സഹായിക്കാനുള്ള പദ്ധതികള്‍ നിര്‍ദേശിക്കുന്നതിന് പകരം അവരെ ദ്രോഹിക്കുകയാണ്.

Update: 2020-02-02 15:40 GMT

കോഴിക്കോട്: ആദായനികുതിയുമായി ബന്ധപ്പെട്ട് ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ഇരുട്ടടിയാണെന്ന് പിഡിപി. പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യത്തെ സമ്പദ്ഘടനയെ സഹായിക്കുന്ന അവരെ രൂക്ഷമായി ബാധിക്കുന്നതാണ് ആദായനികുതിയിലെ പുതിയ മാറ്റങ്ങളെന്ന് പിഡിപി കേന്ദ്രകമ്മിറ്റി യോ​ഗം അഭിപ്രായപ്പെട്ടു.

വിദേശരാജ്യങ്ങളിലെ പുതിയ തൊഴില്‍ നിയമങ്ങള്‍ മൂലം പ്രതിസന്ധി നേരിടുന്ന പ്രവാസികളെ സഹായിക്കാനുള്ള പദ്ധതികള്‍ നിര്‍ദേശിക്കുന്നതിന് പകരം അവരെ ദ്രോഹിക്കുകയാണ്. കഠിനാദ്ധ്വാനത്തിലൂടെ കുടുംബം പോറ്റാന്‍ വിദേശത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ അവരുടെ വരുമാനം ചിലവഴിക്കുന്നത് സ്വന്തം രാജ്യത്താണ്. തകര്‍ന്നടിയുന്ന രാജ്യത്തെ സമ്പദ്ഘടനയെ പുനരുജ്ജിവിപ്പിക്കാന്‍ ഉതകുന്ന പ്രായോഗികനീക്കങ്ങള്‍ ഒന്നുമില്ലാത്ത വാചകകസര്‍ത്തുമാത്രമാണ് ബജറ്റ്.

വളര്‍ച്ചാ നിരക്ക് അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് വന്‍കുറവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് രൂക്ഷമായ തോതില്‍ വര്‍ദ്ധിച്ച് വരുന്ന തൊഴില്‍രഹിതരെ സഹായിക്കാനുള്ള നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. നികുതിയിളവുകളിലൂടെയും പൊതുമേഖലസ്ഥാപനങ്ങളെ ഒന്നൊന്നായി വിറ്റഴിക്കുന്നതിലൂടെയും സ്വകാര്യമേഖലയെ ക്രമരഹിതമായി സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ സമ്പദ്‌വ്യവസ്ഥക്ക് ഭീതിജനകമായ വരുംനാളുകളെയാണ് ബിജെപി സര്‍ക്കാര്‍ നല്‍കുന്നതെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആരോപിച്ചു. 

Tags:    

Similar News