സുപ്രിംകോടതിയിലെ പുതിയ ഹരജി: കര്‍ണാടക സര്‍ക്കാരിന്റേത് വിചാരണ നീട്ടാനുള്ള ശ്രമം- പിഡിപി

Update: 2022-07-29 17:37 GMT

കോഴിക്കോട്: വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന ബംഗളൂരു സ്‌ഫോടനക്കേസിലെ വിചാരണ നടപടിക്രമങ്ങള്‍ അനന്തമായി നീട്ടാനുള്ള ശ്രമമാണ് സുപ്രിംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ ഹരജിയെന്ന് പിഡിപി ആരോപിച്ചു. ഇന്ത്യന്‍ തെളിവ് നിയമത്തിലെ നടപടിക്രമങ്ങള്‍ പ്രോസിക്യൂഷന്‍ പാലിച്ചില്ലെന്ന നീരീക്ഷണത്തോടെ നേരത്തെ വിചാരണ കോടതിയും കര്‍ണാടക ഹൈക്കോടതിയും തള്ളിയ ആവശ്യത്തിന്‍മേലാണ് സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുള്ളത്. ബംഗളൂരു സ്‌ഫോടനക്കേസിലെ മൂന്നാം പ്രതിയായ സര്‍ഫറാസ് നവാസിനെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടെടുത്ത (ഹാര്‍ഡ് ഡിസ്‌ക്) തൊണ്ടിമുതലുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഫോറന്‍സിക് ലാബ് പരിശോധന ഫലങ്ങള്‍ സംബന്ധിച്ച യഥാര്‍ഥ രേഖകള്‍ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കുന്നതില്‍ പ്രോസിക്യൂഷന് കടുത്ത വീഴ്ച സംഭവിച്ചിരുന്നു.

പ്രസ്തുത രേഖ ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥനായ 'കൃഷ്ണ' എന്ന ഉദ്യോഗസ്ഥനെ വിസ്തരിക്കുമ്പോള്‍ വിചാരണ കോടതിയില്‍ രേഖപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ ശ്രമം നടത്തിയിരുന്നു. ഇന്ത്യന്‍ തെളിവുനിയമം അനുസരിച്ച നടപടിക്രമങ്ങള്‍ ഇക്കാര്യത്തില്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അന്നത്തെ വിചാരണ കോടതി ജഡ്ജി ശിവണ്ണ ഉത്തരവിട്ടിരുന്നു. പിന്നീട് വിചാരണ കോടതിയില്‍തന്നെ വീണ്ടും ഒരിക്കല്‍കൂടി മറ്റൊരു രീതിയില്‍ സമര്‍പ്പിക്കാനുള്ള ശ്രമവും വിചാരണ കോടതി തന്നെ തടഞ്ഞിരുന്നു.

പ്രസ്തുത ഉത്തരവിനെതിരേ പ്രോസിക്യൂഷന്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. അക്കാലയളവില്‍ ഹൈക്കോടതി വിചാരണ നടപടിക്രമങ്ങള്‍ സ്‌റ്റേ ചെയ്തിരിന്നു. കര്‍ണാടക ഹൈക്കോടതിയുടെ ഈ വിധിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹരജിയാണ് ഇന്ന് കോടതി പരിഗണനയ്‌ക്കെടുത്തത്. ഈ ഹരജിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ ഇപ്പോള്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും കേസ് അനന്തമായി നീണ്ടുപോവാന്‍ ഇതിടയാക്കുമെന്നതിനാല്‍ അത് സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടുന്നതിനായി ഈ കേസിലെ പ്രതികളിലൊരാളെന്ന നിലയില്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മഅ്ദനിക്ക് വേണ്ടി ഹാജരായിരിന്നു.

ഇന്ന് നടന്ന നടപടിക്രമങ്ങളില്‍ മഅ്ദനിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് പിഡിപി ചൂണ്ടിക്കാട്ടി. ഫോറന്‍സിക് ലാബ് പരിശോധനകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിസ്താരമോ രേഖകള്‍ സമര്‍പ്പിക്കലോ അബ്ദുന്നാസിര്‍ മഅ്ദനിയുമായി ബന്ധപ്പെട്ട കേസ് നടപടിക്രമങ്ങളിലില്ല.

വിചാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാറായ ഈ ഘട്ടത്തില്‍ വിചാരണ തടസ്സപ്പെടുത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ നേരത്തെ 2014 ല്‍ ജാമ്യാപേക്ഷ പരിഗണന വേളയില്‍ 'നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാം' എന്ന ഉറപ്പിന്റെ ലംഘനമാണ്. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാതെയും കേസ് വിചാരണനടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കോടതിയെ സഹായിക്കാതെയും വിചാരണ നീട്ടി ക്കൊണ്ടുപോവാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴുള്ള ഈ നീക്കങ്ങള്‍. അതിനെ ആവശ്യമായ രേഖകളും തെളിവുകളും സമര്‍പ്പിച്ച് സുപ്രിംകോടതിയിലെ മികച്ച അഭിഭാഷകരെ മുന്‍നിര്‍ത്തി നേരിടുമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

Tags: