മഅ്ദനിയെ കുറ്റവിമുക്തനാക്കിയ കോടതിവിധി; സംഘപരിവാര്‍ മഅ്ദനിക്കെതിരെ സൃഷ്ടിച്ച നുണകള്‍ തകര്‍ന്നു; പി ഡി പി

റാന്‍ മൂളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നീതിബോധമുള്ള ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നും പി ഡി പി ആവിശ്യപ്പെട്ടു.

Update: 2023-05-17 15:28 GMT

തൃശ്ശൂര്‍: 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ കോഴിക്കോട് കസബ പോലീസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മഅ്ദനി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വിചാരണക്ക് ശേഷം വെറുതെ വിട്ട കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധിയിലൂടെ സംഘപരിവാര്‍ മഅ്ദനിക്കെതിരെ സൃഷ്ടിച്ച ഒരു നുണ കൂടി പൊളിയുകയാണെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് സാമൂഹ്യ നീതിക്കും പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ ഉന്നമനത്തിനായും നേതൃപരമായ പങ്ക് വഹിച്ച പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ സംഘപരിവാരും പോലീസും ശ്രമിച്ചിരിന്നു.

പത്ത് വര്‍ഷത്തോളം നീണ്ട കോയമ്പത്തൂരിലെ വിചാരണതടവിലൂടെ അദ്ദേഹത്തെ നിത്യരോഗിയാക്കി മാറ്റുകയും ദീര്‍ഘകാലത്തെ വിചാരണക്കൊടുവില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരിന്നു. കാലങ്ങളായി സംഘപരിവാര്‍ മഅ്ദനിക്കെതിരെ ആരോപിക്കപ്പെടുന്ന തീവ്രവാദ മുദ്രയുടെ ആരോപണങ്ങള്‍ കൂടിയണ് വര്‍ഷങ്ങളായുള്ള വിചാരണക്കൊടുവില്‍ കോടതി തള്ളിക്കളയുന്നത്. നട്ടാല്‍ മുളക്കാത്ത നുണകള്‍ കൊണ്ട് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം കൂടി ഇത് വഴി പാഴാകുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയെ പാകിസ്ഥാനിലേക്ക് ആയുധപരിശീലനത്തിന് അയക്കാന്‍ ശ്രമിച്ചു തുടങ്ങി കുറ്റങ്ങളായിരിന്നു മഅ്ദനിക്കെതിരെയുള്ള കേസിന് ആസ്പദമായി പോലിസ് ചുമത്തിയിരുന്നത്.

പ്രസ്തുത കുറ്റങ്ങളിലെ വകുപ്പുകള്‍ എല്ലാം തന്നെ കോയമ്പത്തൂര്‍ സ്ഫോടനക്കേസിലും ചുമത്തുകയും ഈ വകുപ്പുകള്‍ ഉള്‍പ്പെടെയുളളവ വിചാരണവേളയില്‍ കോയമ്പത്തൂരിലെ പ്രതേക കോടതി പരിശോധിക്കുകയും 2007 ല്‍ കുറ്റവിമുക്തനാക്കുകയും ചെയ്തിരിന്നതാണ്.ഈ കേസിലെ മുഴുവന്‍ സാക്ഷികളെയും കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ വിചാരണയിലും വിസ്തരിക്കുകയും അന്ന് അവര്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളെ തള്ളി വസ്തുതകള്‍ യാഥാര്‍ത്ഥ്യത്തോടെ വിവരിച്ച് മഅ്ദനിക്ക് അനുകൂലമായി മൊഴി പറഞ്ഞിരുന്നതാണ്.

1992 ലെ അബ്ദുന്നാസിര്‍ മഅ്ദനിയുടെ പൊതുപ്രവര്‍ത്തനകാലഘട്ടത്തിന്റെ തുടക്കത്തില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ അന്നത്തെ ഭരണകൂടത്തിന്റെ ഒത്താശയോടെ പോലീസ് ചുമത്തിയ (153എ പ്രകോപനപരമായ പ്രസംഗം നടത്തി) ഇരുപതോളം കേസുകള്‍ കേരളത്തിലെ വിവിധ കോടതികള്‍ വിചാരണക്ക് ശേഷം വെറുതെ വിട്ടിരുന്നു.നിരപരാധികളുടെ മേല്‍ കഠിനമായ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുകയും പിന്നീട് ജയിലും വിചാരണയുമൊക്കെയായി നിയമകുരുക്കുകളില്‍ ഉള്‍പ്പെടുത്തി ജീവിതം തകര്‍ത്തുകളയുന്ന അമിതാധികാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന്റെ റാന്‍ മൂളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നീതിബോധമുള്ള ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നും പി ഡി പി ആവിശ്യപ്പെട്ടു.

ന്യൂനപക്ഷങ്ങളെ അന്യായമായി ജയിലുകളില്‍ വര്‍ഷങ്ങളോളം തളച്ചിടാന്‍ പോലീസിന് സാചര്യമൊരുക്കുന്ന ക്രൂരമായ കരിനിയമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ അതിരുകളില്ലാത്ത സമര്‍ദ്ദവും പ്രക്ഷോഭവും ആവശ്യമാണെന്ന് ഈ വിധി പൊതു സമൂഹത്തെ ഉണര്‍ത്തുന്നു.മഅ്ദനിയെ അന്യായമായി പ്രതിചേര്‍ത്ത ബാംഗ്ളൂര്‍ സ്ഫോടനക്കേസിലെ വിചാരണക്കൊടുവിലും സമാനമായി വിധി ആവര്‍ത്തിക്കുകയും അബ്ദുന്നാസിര്‍ മഅ്ദനി പൂര്‍ണ്ണ നിരപരാധിയായി കേരളത്തിലേക്ക് തിരിച്ചെത്തുമെന്നും പി ഡി പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അബ്ദുന്നാസിര്‍മഅ്ദനിയുടെ മകനും പി ഡി പി വിദ്യാര്‍ത്ഥി സംഘടനയായ ഐ എസ് എഫ് പ്രസിഡന്റുമായ അഡ്വ.സലാഹുദീന്‍ അയ്യൂബി, പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, മജീദ് ചേര്‍പ്പ്,കേന്ദ്രകമ്മിറ്റി അംഗം മുജീബ് റഹ്‌മാന്‍, ജില്ലാ പ്രസിഡന്റ് അഷ്റഫ് വാഴക്കാല തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.





Tags:    

Similar News