യൂനിവേഴ്സിറ്റി കോളജിലേക്ക് മാർച്ച് നടത്തിയ കാംപസ്ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

അക്രമികളെ വളർത്തിയെടുക്കുന്ന ഏജൻസിയായി എസ്എഫ്ഐ മാറി. എസ്എഫ്ഐ കൈയ്യടക്കി വച്ചിരിക്കുന്ന കാംപസുകൾ ഗുണ്ടാ കേന്ദ്രങ്ങളും ആയുധപ്പുരകളുമാണ്. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം ഊർജിതമാക്കണം.

Update: 2019-07-12 15:50 GMT

തിരുവനന്തപുരം: എസ്എഫ്ഐയുടെ കഠാര രാഷ്ട്രീട്രീയത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലേക്ക് മാർച്ച് നടത്തിയ കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. യൂനിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാർഥിയായ അഖിലിനെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച് കുത്തിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.


സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലിസ് കോളജിന് മുന്നിൽ ഒരുക്കിയിരുന്നത്. കോളജ് ഗേറ്റിന് മുന്നിൽ കാംപസ് ഫ്രണ്ട്  പ്രവർത്തകരെ പോലിസ് തടഞ്ഞു. തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ പോലിസ് ബലം പ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കി. പ്രവർത്തകരിൽ ചിലരെ പോലിസ് മർദ്ദിച്ചതായും പരാതിയുണ്ട്. 


അധികാരത്തിന്റെ തിണ്ണമിടുക്കിൽ എസ്എഫ്ഐ കാംപസുകളെ കൊലക്കളമാക്കി മാറ്റുകയാണെന്ന് കാംപസ് ഫ്രണ്ട് നേതാക്കൾ പറഞ്ഞു. അക്രമികളെ വളർത്തിയെടുക്കുന്ന ഏജൻസിയായി എസ്എഫ്ഐ മാറി. എസ്എഫ്ഐ കൈയ്യടക്കി വച്ചിരിക്കുന്ന കാംപസുകൾ ഗുണ്ടാ കേന്ദ്രങ്ങളും ആയുധപ്പുരകളുമാണ്. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം ഊർജിതമാക്കണം. അക്രമത്തിന്റേയും ലഹരിയുടേയും വഴികളിലേക്ക് വിദ്യാർഥികളെ നയിക്കുന്ന എസ്എഫ്ഐക്കെതിരേ ശക്തമായ പ്രതിരോധം ഉയർന്നു വരണമെന്നും ഭാരവാഹികൾ പറഞ്ഞു.


തിരുവനന്തപുരം ജില്ലാ സെക്രട്ടറി അംജദ്, വൈസ് പ്രസിഡന്റ് മുഖ്താർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ റാഫി, അൽത്താഫ്, ഏരിയ പ്രസിഡന്റ് അയ്യൂബ്, സെക്രട്ടറി സനൂജ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. അറസ്റ്റിലായവരെ പിന്നീട് വിട്ടയച്ചു. 

Tags:    

Similar News