കൊച്ചിയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; നഷ്ടമായത് ശുദ്ധീകരണത്തിന് കൊണ്ടുപോയ 25 കിലോ സ്വര്‍ണം

ആറ് കോടിയോളം വിലവരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്.

Update: 2019-05-10 01:30 GMT

കൊച്ചി: അര്‍ധരാത്രിയില്‍ നഗരത്തെ ഞെട്ടിച്ച് വന്‍ സ്വര്‍ണക്കവര്‍ച്ച. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍നിന്ന് ആലുവ ഇടയാറിലെ സിആര്‍ മെറ്റലേഴ്‌സ് എന്ന കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കാര്‍ മാര്‍ഗം കൊണ്ടുവന്ന 25 കിലോ ഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. ആറ് കോടിയോളം വിലവരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. കാറിന്റെ പിന്നിലായി ബൈക്കിലെത്തിയ രണ്ടുപേരാണ് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണം കവര്‍ന്ന് കടന്നത്. കമ്പനിയുടെ മുന്നിലെത്തിയപ്പോള്‍ കാര്‍ തടയുകയും കുരുമുളവ് സ്‌പ്രേ ചെയ്യുകയുമായിരുന്നു.

കാറിന്റെ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സ്വര്‍ണമെത്തുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. ഇടയാറിലെ സിആര്‍ജി മെറ്റലേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനിയുടെ മുന്നില്‍ വച്ചുണ്ടായ ആക്രമണമായതുകൊണ്ടുതന്നെ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്. സ്വര്‍ണത്തിന്റെ സ്രോതസ് സംബന്ധിച്ചും പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: