മൂന്നാംദിനവും പ്രക്ഷുബ്ധം, പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; സഭ പിരിഞ്ഞു

സഭാ നടപടികളിലേക്ക് കടന്ന ഉടന്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Update: 2018-11-29 05:15 GMT

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചതോടെ മൂന്നാം ദിവസവും നിയമസഭയില്‍ പ്രക്ഷുബ്ധരംഗങ്ങള്‍. സഭാ നടപടികളിലേക്ക് കടന്ന ഉടന്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കിയ സ്പീക്കര്‍ മറ്റു നടപടികളിലേക്ക് കടന്നു. പിന്നീട് ശൂന്യവേളയും സബ്മിഷനും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

ഇതിനിടെ, പ്ലക്കാര്‍ഡും ബാനറുകളുമായെത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ വായിക്കാതെ മന്ത്രിമാര്‍ മേശപ്പുറത്ത് വച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്ന് മിക്ക പ്രതിപക്ഷ എംഎല്‍എമാരും അറിയച്ചതോടെ മറുപടികളെല്ലാം സ്പീക്കര്‍ ഒഴിവാക്കി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു ആരോപണം. പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയും സ്പീക്കറുമായി വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. ബഹളത്തിനിടെ കടകംപള്ളി സുരേന്ദ്രന്‍ ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. മറുപടി പറയാനാവില്ലെന്നും

മേശപ്പുറത്ത് വയ്ക്കാനും സ്പീക്കര്‍ മന്ത്രിയോട് നിര്‍ദേശിച്ചു. തുടര്‍ന്നാണ് ചോദ്യോത്തര വേള റദ്ദാക്കി നിയമസഭ മറ്റു നടപടികളിലേക്കും പിന്നീട് ഇന്നത്തേക്ക് പിരിഞ്ഞതും. ആദ്യദിനം അന്തരിച്ച പി ബി അബ്്ദുര്‍റസാഖ് എംഎല്‍എയ്ക്കു ആദരാഞ്ജലി അര്‍പ്പിച്ച് പിരിഞ്ഞിരുന്നു. രണ്ടാംദിനം പ്രതിപക്ഷ എംഎല്‍എമാരുടെ ശക്തമായ പ്രതിഷേധത്തിനാണു സഭ സാക്ഷ്യം വഹിച്ചത്. 

Tags:    

Similar News