ഷുക്കൂര്‍ വധം: തലശേരി സെഷന്‍സ് കോടതിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കേസ് എറണാകുളത്തെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു സിബിഐ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജി തീര്‍പ്പാക്കുന്നതുവരെയാണ് തലശേരി സെഷന്‍സ് കോടതിയിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്

Update: 2019-05-29 04:18 GMT

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തലശേരി സെഷന്‍സ് കോടതിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് എറണാകുളത്തെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു സിബിഐ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജി തീര്‍പ്പാക്കുന്നതുവരെയാണ് തലശേരി സെഷന്‍സ് കോടതിയിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്.സിബിഐയുടെ വാദത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. സിബിഐക്ക് കേസില്‍ പ്രത്യേക താല്‍പര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് വിചാരണ കോടതി മാറ്റാന്‍ ആവശ്യപ്പെടുന്നതെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കൊലപാതക കേസുകള്‍ പരിഗണിക്കാനുള്ള അധികാരം സെഷന്‍സ് കോടതികള്‍ക്കുണ്ടെന്നും സിബിഐ ക്ക് പ്രത്യേക താല്‍പര്യമുള്ളതുകൊണ്ടാണ് ഇത്തരത്തിലൊരു ഹരജി സമര്‍പ്പിച്ചതെന്നും സര്‍ക്കാര്‍ ഭാഗം ആരോപിച്ചു.

കേസിലെ എതിര്‍കക്ഷികള്‍ക്ക് വിശദീകരണം ബോധിപ്പിക്കുന്നതിനു കോടതി നോട്ടിസ് പുറപ്പെടുവിച്ചു. സിപിഎം നേതാവ് പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ കേസില്‍ പ്രതികളായി സിബിഐ കുറ്റപത്രം തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ സിബിഐ കേസുകളുടെ കുറ്റപത്രം സ്വീകരിക്കാനുള്ള യോഗ്യത സംബന്ധിച്ചു ഹൈക്കോടതി വ്യക്തത വരുത്തിയാല്‍ മാത്രമേ സ്വീകരിക്കാനാവൂവെന്നു തലശേരി സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നടപടികള്‍ സിബിഐ കോടതിയിലേക്ക് മാറ്റുന്നതിനെ ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ എതിര്‍ത്തിരുന്നു. സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ നടപടികള്‍ സിബിഐ കോടതിയില്‍ തന്നെ നടത്തണമെന്നു സുപ്രിംകോടതി വിധിയുണ്ടെന്നു സിബിഐ വ്യക്തമാക്കി. കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ കേസുകളുടെയും വിചാരണ നടപടികള്‍ സിബിഐ കോടതിയില്‍ മാത്രമേ നടത്തിയിട്ടുള്ളുവെന്നും സിബിഐ വ്യക്തമാക്കി. 2012 ഫെബ്രുവരി 20നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. 

Tags:    

Similar News