ഷുക്കൂര്‍ വധക്കേസ്: വിചാരണ കണ്ണൂരില്‍ നിന്നും എറണാകുളം സിബി ഐ കോടതിയിലേക്ക്

സിബിഐയുടെ ഹരജി പരിഗണിച്ചാണ് കേസിന്റെ വിചാരണ നടപടികള്‍ കണ്ണൂര്‍ തലശേരി സെഷന്‍സ് കോടതിയില്‍ നിന്നും എറണാകുളത്തെ സിബിഐ കോടതിയിലേക്ക് ഹൈക്കോടതി മാറ്റിയത്. വിചാരണ നടപടികള്‍ എറണാകുളത്തെ സിബി ഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സി ബി ഐ തലശേരിയിലെ സെഷന്‍സ് കോടതിയില്‍ നേരത്തെ ഹരജി നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു

Update: 2019-06-17 11:10 GMT

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എറണാകുളം സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റി. സിബിഐയുടെ ഹരജി പരിഗണിച്ചാണ് കേസിന്റെ വിചാരണ നടപടികള്‍ കണ്ണൂര്‍ തലശേരി സെഷന്‍സ് കോടതിയില്‍ നിന്നും എറണാകുളത്തെ സിബിഐ കോടതിയിലേക്ക് ഹൈക്കോടതി മാറ്റിയത്.കേസിന്റെ അന്വേഷണം ഏറ്റെടുത്ത സി ബി ഐ വിചാരണ നടപടികള്‍ എറണാകുളത്തെ സിബി ഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സിബി ഐ തലശേരിയിലെ സെഷന്‍സ് കോടതിയില്‍ നേരത്തെ ഹരജി നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ കേസിന്റെ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂര്‍വമായ വിചാരണ നടത്താനാവില്ലെന്നുമായിരുന്നു സി ബി ഐ ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാല്‍ കേസിന്റെ വിചാരണ ജില്ലയ്ക്ക് പുറത്തേക്കുമാറ്റുന്നത് ഈ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് വ്യക്തമാക്കി തലശേരി സെഷന്‍സ് കോടതി സിബി ഐയുടെ ഹരജി തള്ളുകയായിരുന്നു.കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രവും തലശ്ശേരി സെഷന്‍സ് കോടതി മടക്കിയിരുന്നു. സിബിഐയ്ക്ക് കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് സി ബി ഐ ഹൈക്കോടതിയെ സമീപിച്ചത്.പി ജയരാജന്‍,ടി വി രാജേഷ് എംഎല്‍എ അടക്കം 34 പേരാണ് കേസിലെ പ്രതിപട്ടികയില്‍ ഉള്ളത്. മുസ് ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്.

Tags: