ഹൈക്കോടതിയിലെ ഐ ടി ജീവനക്കാരുടെ നിയമനം: ചീഫ് ജസ്റ്റിസിന്റെ അംഗീകാരത്തോടെ നിയമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന് രജിസ്ട്രാര്‍

ഹൈക്കോടതിയിലെ ഐ ടി കേഡര്‍ തസ്തികകയില്‍ താല്‍ക്കാലിക നിയമനം നടത്തുന്ന കാര്യത്തില്‍ മുന്‍ ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഇടപെട്ടെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പിറക്കിയത്

Update: 2020-12-15 13:58 GMT

കൊച്ചി: ഹൈക്കോടതിയിലെ ഐ ടി ജീവനക്കാരുടെ നിയമനം നടത്തിയത് ചീഫ് ജസ്റ്റിസിന്റെ അംഗീകാരത്തോടെ നിയമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തിയാണെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ വ്യക്തമാക്കി. ഉദ്യോഗാര്‍ഥികളുടെ തിരഞ്ഞെടുപ്പ് നടപടി ക്രമം തയ്യാറാക്കിയത് ഹൈക്കോടതിയാണെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. ഹൈക്കോടതിയിലെ ഐ ടി കേഡര്‍ തസ്തികകയില്‍ താല്‍ക്കാലിക നിയമനം നടത്തുന്ന കാര്യത്തില്‍ മുന്‍ ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഇടപെട്ടെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പിറക്കിയത്.

മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഔദ്യോഗികമല്ലെന്നു രജിസ്ട്രാര്‍ വ്യക്തമാക്കി. വിവരങ്ങളുടെയും സാങ്കേതികവിദ്യയുടെയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിരമായ ഐ ടി കേഡര്‍ സൃഷ്ടിക്കുന്നത് പ്രായോഗികമല്ലെന്നു ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചിരുന്നുവെന്നും രജിസട്രാര്‍ പറയുന്നു. 2018 ഫെബ്രുവരി 22 നു നടന്ന യോഗത്തില്‍ ഹൈക്കോടതിയുടെ കംപ്യുട്ടറൈസേഷന്‍ കമ്മിറ്റിയംഗങ്ങള്‍, രജിസ്ട്രി ഉദ്യോഗസ്ഥര്‍, നിയമ സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം), പ്രിന്‍സിപ്പല്‍ (ധനകാര്യം), ഐ ടി വകുപ്പു സെക്രട്ടറി, കേന്ദ്ര-സംസ്ഥാന ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ ഓഫിസര്‍മാരുമാണ് പങ്കെടുത്തത്.

Tags:    

Similar News