പൗരത്വനിയമ ഭേദഗതി: തീവ്രനിലപാടുള്ളവരെ സംയുക്ത സമരങ്ങളിൽ നിന്നും മാറ്റി നിർത്തണം- മുഖ്യമന്ത്രി

യോഗത്തിൽ സംയുക്ത പ്രക്ഷോഭത്തിന് ധാരണയായില്ല. സംയുക്ത സമരവുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Update: 2019-12-29 07:45 GMT

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരങ്ങളിൽ നിന്നും തീവ്രനിലപാടുള്ളവരെ മാറ്റി നിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു ചേർന്ന സർവകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. യോഗത്തിൽ സംയുക്ത പ്രക്ഷോഭത്തിന് ധാരണയായില്ല. സംയുക്ത സമരവുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല സഹകരിക്കും, കോൺഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത കൊടിക്കുന്നിൽ സുരേഷ് കൂടി സഹകരിക്കണമെന്നും പിണറായി പറഞ്ഞു. 

തുടർസമരങ്ങൾക്ക് മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു. ഭരണഘടന സംരക്ഷണ സമിതിയെന്ന ആശയം സർക്കാർ മുന്നോട്ടു വച്ചില്ല. സമിതി രൂപീകരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നെങ്കിലും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. നിലവിലെ രാഷ്ട്രീയപരമായ എതിർപ്പ് മുൻകൂട്ടി കണ്ടാണ് ഇത്തരമൊരു തന്ത്രപരമായ നീക്കം മുഖ്യമന്ത്രി കൈക്കൊണ്ടത്. 

യോഗത്തിൽ സംയുക്ത പ്രക്ഷോഭത്തിന് ധാരണയായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തടങ്കൽ പാളയങ്ങളെ സംബന്ധിച്ച വിവരങ്ങൾ പ്രതിപക്ഷം ചുണ്ടിക്കാട്ടിയെങ്കിലും അത്തരമൊരു പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനം അടിയന്തരമായി വിളിക്കണമെന്ന് യുഡിഎഫ് അവശ്യപ്പെട്ടു. യുഎപിഎ പോലുള്ള നിയമങ്ങൾ ഈ സമയത്ത് പ്രയോഗിക്കരുത്. സർവകക്ഷി സംഘം രാഷ്ട്രപതിയെ കണ്ട് ആശങ്ക അറിയിക്കണം. തദ്ദേശ തലത്തിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

Tags:    

Similar News