തിരഞ്ഞെടുപ്പ് പ്രചരണത്തിലെ വീഴ്ച; സിപി എം കമ്മീഷന്‍ തെളിവെടുപ്പു തുടങ്ങി; ജി സുധാകരന്‍ കമ്മീഷന് മുന്നില്‍ ഹാജരായി

നിയമസഭാ തിരഞ്ഞടുപ്പില്‍ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍ മന്ത്രി ജി സുധാകരന്‍ അടക്കമുള്ളവരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന നേതൃത്വമാണ് രണ്ടംഗ കമ്മീഷനെ നിയോഗിച്ചത്

Update: 2021-07-24 07:10 GMT

ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍ മന്ത്രി ജി സുധാകരന്‍ അടക്കമുള്ളവരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന നേതൃത്വം നിയോഗിച്ച പാര്‍ട്ടി കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി.സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലാണ് തെളിവെടുപ്പ് നടക്കുന്നത്. എളമരം കരിം, കെ ജെ തോമസ് എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.

ആരോപണ വിധേയനായ മുന്‍ മന്ത്രി ജി സുധാകരന്‍ കമ്മീഷന്റെ മുന്നില്‍ ഹാജരായി തെളിവുകള്‍ കൈമാറി.തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എഴുതി തയ്യാറാക്കിയ റിപോര്‍ട്ടായിട്ടാണ് കമ്മീഷനു മുന്നില്‍ നല്‍കിയതെന്നാണ് വിവരം.അമ്പലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് കുറഞ്ഞിട്ടില്ലെന്നും പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ജി സുധാകരന്‍ കമ്മീഷനെ ധരിപ്പിച്ചുവെന്നാണ് അറിയുന്നത്.

അമ്പലപ്പുഴയില്‍ സുധാകരന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. അമ്പലപ്പുഴയില്‍ നിന്നും വിജയിച്ച സിപിഎം എംഎല്‍എ എച്ച് സലാം നാളെയായിരിക്കും കമ്മീഷനു മുന്നില്‍ ഹാജരാകുകയെന്നാണ് അറിയുന്നത്.സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങളില്‍ നിന്നും ജില്ലാ സെക്ട്രറിയേറ്റ് അംഗങ്ങളില്‍ നിന്നും കമ്മീഷന്‍ തെളിവ് ശേഖരിക്കും.

Tags:    

Similar News