മാധ്യമപ്രവര്‍ത്തകര്‍ സമൂഹ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാകണം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

ഭരണഘടനാ മൂല്യധ്വംസനം നടക്കുന്ന ഈ കാലഘട്ടത്തില്‍ സമൂഹ നന്മക്കു വേണ്ടി ശബ്ദിക്കുവാന്‍ കഴിവുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നും ആദരണീയരാണ്

Update: 2022-08-05 11:48 GMT

അരൂര്‍: സമുഹനന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാകണം മാധ്യമ പ്രവര്‍ത്തകരെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍.കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ ആലപ്പുഴ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനവും അരൂര്‍ പ്രസ്‌ക്ലബ് ഒരുക്കിയ വിദ്യാഭ്യാസ അവാര്‍ഡു ദാനവും ചന്തിരൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഭരണഘടനാ മൂല്യധ്വംസനം നടക്കുന്ന ഈ കാലഘട്ടത്തില്‍ സമൂഹ നന്മക്കു വേണ്ടി ശബ്ദിക്കുവാന്‍ കഴിവുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നും ആദരണീയരാണ്. ജനാധിപത്യ രാജ്യത്തില്‍ ഭരണകൂടം,ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നിവയ്‌ക്കൊപ്പം സ്ഥാനമുള്ളതാണ് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമങ്ങള്‍. വിലകുറഞ്ഞ വിവാദങ്ങളുടെ പിന്നാലെ പോകാതെ നേരോടെ വസ്തുനിഷ്ഠമായ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന മാധ്യമങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകരാജ്യങ്ങളില്‍ 150 ല്‍ 140 ാം സ്ഥാനത്താണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം എന്നതും അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.

മികച്ച വിദ്യാര്‍ഥിികള്‍ക്കായി .പ്രസ്സ് ക്ലബ്ബ് അരൂര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനവും കെജെയു അംഗത്തിനുള്ള ചികില്‍സ ധനസഹായ വിതരണവും ചടങ്ങില്‍നടന്നു.കെജെയു സംസ്ഥാന ജന.സെക്രട്ടറി കെ സി സ്മിജന്‍ അധ്യക്ഷത വഹിച്ചു.അരൂര്‍ എംഎല്‍ എ ദലീമ ജോജോ,പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി, ബ്ലോക്ക് മെമ്പര്‍ രാജീവന്‍ ,കെജെയു ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം, ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ്,കെ ജെയു അരൂര്‍ മേഖല പ്രസിഡന്റ് ബി അന്‍ഷാദ് ,കമ്മിറ്റി അംഗങ്ങളായ കെ ജി ജോണ്‍ , കൃഷ്ണകുമാര്‍, എല്‍ എസ് അശോക് കുമാര്‍, അരുണ്‍ വിജയന്‍, ബാലന്‍, സന്തോഷ് ബാബു, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ബോബന്‍ സി കിഴക്കേത്തറ, മേഖല സെക്രട്ടറി ദേവരാജന്‍ പൂച്ചാക്കല്‍, ജില്ലാ ജോയന്റ് സെക്രട്ടറി സാമുവല്‍ ഡേവിഡ്, അംഗങ്ങളായ സുരേഷ് ബാബു, ഒഎ ഗഫൂര്‍ , രാജേഷ്, സി കെ സുരേഷ് ബാബു, പ്രഭ വള്ളികുന്നം,പൊതുപ്രവര്‍ത്തകനായ റഫീക്ക പങ്കെടുത്തു.

Tags: