രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട്: തലസ്ഥാനത്തിന്റെ ആകാശപാത സുരക്ഷിതമല്ല

ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് യൂറോപ്പ്, ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളിലേക്കും അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുമുള്ള യാത്രാ-ചരക്ക്- സൈനിക വിമാനങ്ങളാണ് തിരുവനന്തപുരത്തിന് മുകളിലൂടെ പറക്കുന്നത്.

Update: 2019-01-22 07:10 GMT

തിരുവനന്തപുരം: ദിനംപ്രതി ഇരുന്നൂറിലേറെ അന്താരാഷ്ട്ര വിമാനങ്ങള്‍ കടന്നുപോവുന്ന തിരുവനന്തപുരത്തെ അകാശപാത സുരക്ഷിതമല്ലെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട്. മാത്രമല്ല, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷയിലും ആശങ്ക നിഴലിക്കുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തിയത്.

ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് യൂറോപ്പ്, ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളിലേക്കും അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുമുള്ള യാത്രാ-ചരക്ക്- സൈനിക വിമാനങ്ങളാണ് തിരുവനന്തപുരത്തിന് മുകളിലൂടെ പറക്കുന്നത്. 30,000 അടി മുതല്‍ 46,000 അടി വരെ ഉയരത്തില്‍ കടന്നുപോവുന്ന ഈ വിമാനങ്ങളുടെ പാത കൃത്യമായി നിയന്ത്രിച്ച് വിടുന്നത് എയര്‍ട്രാഫിക് കണ്‍ട്രോളേഴ്‌സാണ്. രാത്രികാലങ്ങളിലാണ് കൂടുതല്‍ വിമാനങ്ങളും പറക്കുക. ഒരേസമയം 20 അന്താരാഷ്ട്ര വിമാനങ്ങളാണ് കടന്നുപോവുന്നത്. മിനിറ്റില്‍ 15 കിലോമീറ്ററിലാണ് ഒരു വിമാനത്തിന്റെ വേഗത.

അതേസമയം ഒരേ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങള്‍ തമ്മില്‍ 18 കിലോമീറ്ററിന്റെ അകലവും ഉണ്ടാവണം. ആകാശ പാതയൊരുക്കുമ്പോള്‍ സമുദ്രനിരപ്പില്‍ നിന്ന് 1000 അടി ഉയരത്തിലാവണം വിമാനം പറക്കേണ്ടത്. ഇത്തരത്തിലുള്ള ആകാശ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നാണ് റിപോര്‍ട്ടിലുള്ളത്. തീരദേശ സേനയുടെ വ്യോമനിരീക്ഷണത്തിന് എയര്‍പോര്‍ട്ട് അതോറ്റി സ്ഥലം വിട്ടുനല്‍കിയെങ്കിലും പ്രഖ്യാപനത്തില്‍ ഒതുങ്ങി. അതേസമയം, തിരുവനന്തപുരം വിമാനത്താവളം വഴിയെത്തുന്നവരുടെ സുരക്ഷാപരിശോധന കൃതമായി നടക്കുന്നില്ലെന്നും റിപോര്‍ട്ടിലുണ്ട്. വിഐപികളായെത്തുന്ന പലരും സ്വാധീനം ഉപയോഗിച്ച് പരിശോധനയില്‍ നിന്നും രക്ഷപെടുകയാണെന്നും ആക്ഷേപമുണ്ട്.



Tags:    

Similar News