ബോംബേറും അക്രമവും:അടൂരില്‍ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ പിടിയില്‍

അടൂര്‍ താലൂക്കില്‍ പാര്‍ട്ടി ഓഫീസുകളും വീടുകളും ആക്രമിക്കുകയും കടകള്‍ക്കും വീടുകള്‍ക്കും നേരെ ബോംബെറിഞ്ഞതിലും ഇവരാണ് മുഖ്യആസൂത്രകരെന്ന് പോലിസ് പറയുന്നു. കഴിഞ്ഞ മൂന്ന്, നാല് തീയതികളിലാണ് മേഖലയില്‍ വ്യാപകമായി ആക്രമം നടന്നത്.

Update: 2019-01-14 06:45 GMT

അടൂര്‍: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ അടൂരിലും പരിസരപ്രദേശങ്ങളിലും ബോംബേറും വ്യാപക അക്രമവും അഴിച്ചുവിട്ട കേസില്‍ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ അറസ്റ്റില്‍. ആര്‍എസ്എസ് അടൂര്‍ താലൂക്ക് കാര്യവാഹക് പുനലൂര്‍ ഇളമ്പള്ളില്‍ കൈവിളയില്‍ അഭിലാഷ് (34), ബിജെപി മണ്ഡലം സെക്രട്ടറി പെരിങ്ങനാട് തെക്കുംമുറി ശരത് ഭവനില്‍ ശരത്ചന്ദ്രന്‍ (33), ആര്‍എസ്എസ് താലൂക്ക് കാര്യകാര്യസദസ്യന്‍ കരുവാറ്റ ശാന്തി വിലാസത്തില്‍ അരുണ്‍ ശര്‍മ(35), ആര്‍എസ്എസ് പെരിങ്ങനാട് മണ്ഡലം സഹകാര്യവാഹ് അമ്മകണ്ടകര അനീഷ് ഭവനില്‍ അനീഷ് (27), ചേന്നംപള്ളി ചാമത്തടത്തില്‍ രാകേഷ് (28) എന്നിവരാണ് അറസ്റ്റിലായത്.

അടൂര്‍ താലൂക്കില്‍ പാര്‍ട്ടി ഓഫീസുകളും വീടുകളും ആക്രമിക്കുകയും കടകള്‍ക്കും വീടുകള്‍ക്കും നേരെ ബോംബെറിഞ്ഞതിലും ഇവരാണ് മുഖ്യആസൂത്രകരെന്ന് പോലിസ് പറയുന്നു. അറസ്റ്റിലായ അരുണ്‍ ശര്‍മ കോലായില്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. കഴിഞ്ഞ മൂന്ന്, നാല് തീയതികളിലാണ് മേഖലയില്‍ വ്യാപകമായി ആക്രമം നടന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി ഡി ബൈജുവിന്റെ വീട് ഉള്‍പ്പടെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും അടൂരില്‍ മൊബൈല്‍ കടയ്ക്കും രണ്ടുവീടുകള്‍ക്കും ബോംബെറിയുകയും ചെയ്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് അക്രമം നടത്തിയതെന്ന് പോലിസ് പറയുന്നു.

അതിനിടെ, അടൂരില്‍ ബിജെപി ഓഫീസും വീടുകളും ആക്രമിച്ച കേസില്‍ കഴിഞ്ഞദിവസം അഞ്ച് ഡിവൈഎഫ് നേതാക്കളും പിടിയിലായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് വികാസ് ടി നായര്‍, അടൂര്‍ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ശ്രീനി എസ് മണ്ണടി, മുഹമ്മദ് അനസ്, ഷൈജു, സതീഷ് ബാലന്‍ എന്നിവരാണ് അറസ്റ്റിലായത്. താലൂക്കിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 61 പേരാണ് ഇതുവരെ അറസ്റ്റിലായത്. 23 ആര്‍എസ്എസുകാരും അഞ്ച് സിപിഎമ്മുകാരും റിമാന്റിലാണ്. അക്രമത്തിന് നേതൃത്വം നല്‍കിയവരാണ് അറസ്റ്റിലായതെന്ന് പോലിസ് പറഞ്ഞു.

ആറു ബൈക്കിലെത്തിയവരാണ് ബോംബേറ് ഉള്‍പ്പടെയുള്ള അക്രമം നടത്തിയത്. സംഘം സഞ്ചരിച്ച ബൈക്കുകള്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണ് ആസൂത്രകര്‍ പിടിയിലായത്. ബോംബേറിഞ്ഞ കേസില്‍ ഇനിയും നിരവധിപേര്‍ പിടിയിലാവാനുണ്ട്. ഡിവൈഎസ്പി ആര്‍ ജോസ്, ഇന്‍സ്‌പെക്ടര്‍ ജി സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെയും ഇന്നുമായി ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരിലെ വിവിധ ഒളിത്താവളങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്.

അതേസമയം, നെടുമങ്ങാട് നടന്ന ബോംബേറിനു സമാനമാണ് അടൂരിലെ ബോംബേറുമെന്നാണ് പോലിസ് നിഗമനം. നെടുമങ്ങാട് ബോംബേറ് കേസിലെ പ്രതിയായ ആര്‍എസ്എസ് നേതാവ് അടൂരില്‍ വന്നിരുന്നതായും പോലിസ് സൂചന ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പോലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


Tags: