നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ഹരജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിചാരണനിര്‍ത്തിവെയക്കാനുള്ള സ്‌റ്റേ വിധി പറയുന്നതുവരെ കോടതി നീട്ടുകയും ചെയ്തു.നേരത്തെ ഇരയുടെയും സര്‍ക്കാരിന്റെയും ഹരജി പരിഗണിച്ച് വിചാരണ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തിരുന്നു

Update: 2020-11-16 10:54 GMT

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടിയം സര്‍ക്കാരും നല്‍കിയ ഹരജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിചാരണനിര്‍ത്തിവെയക്കാനുള്ള സ്‌റ്റേ വിധി പറയുന്നതുവരെ കോടതി നീട്ടുകയും ചെയ്തു.നേരത്തെ ഇരയുടെയും സര്‍ക്കാരിന്റെയും ഹരജി പരിഗണിച്ച് വിചാരണ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തിരുന്നു.സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.

മുഖ്യസാക്ഷികളിലൊരാളിന്റെയും ഇരയാക്കപ്പെട്ട നടിയുടെയും മൊഴി രേഖപ്പെടുത്തിയതില്‍ അടക്കം വീഴ്ച സംഭവിച്ചതായും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും നടിയും സര്‍ക്കാരും ഹരജിയില്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കോടതി ഇടപെട്ടില്ലെന്നും ഹൈക്കോടതിയില്‍ നടി നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നു. പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പ്രതികള്‍ക്ക് നല്‍കുന്ന രേഖകള്‍ പ്രോസിക്യൂഷന് ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.പ്രതിഷേധം ഉയര്‍ത്തിയിട്ടും ഇരയാക്കപ്പെട്ട നടിക്കെതിരായ ആക്ഷേപകരമായ ചോദ്യങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചപ്പോള്‍ തടയാന്‍ വിചാരണക്കോടതി ഇടപ്പെട്ടില്ലെന്ന് നടിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ കേസ് പരിഗണിക്കവെ പറഞ്ഞിരുന്നു.ഇരയെ തുടര്‍ച്ചയായി ഒമ്പതു ദിവസമാണ് പ്രതിഭാഗം ക്രോസ് വിസ്താരത്തിന് വിധേയമാക്കിയത്. ഇര നേരിട്ട മറ്റൊരു അഗ്‌നിപരീക്ഷയായിരുന്നു ഇതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.വിവാദമുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വിചാരണ ജഡ്ജിയോട് ഹൈക്കോടതി റിപോര്‍ട് തേടണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്നാണ് കേസിന്റെ വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്.

Tags: