നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍

പുലര്‍ച്ചെ 2.30ന് സ്ത്രീ വീടിനു പുറത്തെ ബാത്റൂമില്‍ പോയി തിരികെ വീട്ടിലേക്ക് കയറുമ്പോള്‍ മോഷ്ടാവ് പിന്നിലൂടെയെത്തി മാല വലിച്ചുപൊട്ടിക്കുകയായിരുന്നു.

Update: 2020-03-26 14:21 GMT

പരപ്പനങ്ങാടി: നൂറോളം മോഷണക്കേസിലെ പ്രതി പോലിസ് പിടിയിലായി. കാട്ടിലങ്ങാടി തണ്ണീര്‍ ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന യുവതിയുടെ ഒന്നരപ്പവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ കൊടിയന്റെപുരയ്ക്കല്‍ എടക്കടപ്പുറം യഹ്‌യയാണ് പിടിയിലായത്. പുലര്‍ച്ചെ 2.30ന് സ്ത്രീ വീടിനു പുറത്തെ ബാത്റൂമില്‍ പോയി തിരികെ വീട്ടിലേക്ക് കയറുമ്പോള്‍ മോഷ്ടാവ് പിന്നിലൂടെയെത്തി മാല വലിച്ചുപൊട്ടിക്കുകയായിരുന്നു. വിവരമറിഞ്ഞ് 10 മിനിറ്റുള്ളില്‍ സ്ഥലത്തെത്തിയ പോലിസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് പ്രതിയെ അറസ്റ്റുചെയ്യാന്‍ സാധിച്ചത്. നിരവധി മോഷണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ് പ്രതി.

2019ല്‍ താനൂരിലെ ഒരുവീട്ടില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ശിക്ഷ പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ പുറത്തിറങ്ങിയത്. കട്ടിലങ്ങാടിയില്‍ മോഷണം നടത്തിയ അതേ വീട്ടില്‍നിന്നും രണ്ടുവര്‍ഷം മുമ്പ് മോഷണം നടത്തിയതും കാട്ടിലങ്ങാടി ക്ഷേത്രത്തിന്റെ ഭണ്ഡാരം പൊളിച്ചതും ഇയാളാണെന്ന് ചോദ്യംചെയ്തപ്പോള്‍ വ്യക്തമായി. ഇന്നലെ കട്ടിലങ്ങാടി മഹാഗണപതി ക്ഷേത്രത്തിന്റെ ഭണ്ഡാരം മോഷ്ടിച്ചതിന്റെ മുതലുകളും യുവതിയുടെ സ്വര്‍ണമാലയും പ്രതിയില്‍നിന്നും പോലിസ് കണ്ടെടുത്തു. മോഷണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പട്രോളിങ് ശക്തമാക്കിയതായി താനൂര്‍ ഇന്‍സ്‌പെക്ടര്‍ പി പ്രമോദ് പറഞ്ഞു. എസ്‌ഐമാരായ നവീന്‍ഷാജ്, വാരിജാക്ഷന്‍ എന്നിവരും പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു.  

Tags:    

Similar News