എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം: സമ്പൂര്‍ണ സിനഡ് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരമെന്ന് വിശ്വാസികള്‍

മുറിവേറ്റ ഹൃദയവുമായാണ് വിശ്വാസികള്‍ സിനഡിനെ നോക്കിക്കാണുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്പൂര്‍ണ സിനഡ് 14 ദിവസം നീണ്ടു നില്‍ക്കുന്നതാണ്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങളിലുള്ള ചര്‍ച്ച നടത്തി തീരുമാനം ഏഴ് ദിവസത്തിനകം അറിയിക്കണം. 16 ഫൊറോനകളില്‍ നിന്നുള്ള പ്രതിനിധികള്‍ നാളെ മൗണ്ട് സെന്റ് തോമസില്‍ സിനഡിന് മുന്നില്‍ ഉച്ചക്ക് 2.30 ന് നിവേദനം സമര്‍പിക്കും. മുന്നൂറോളം ഇടവകകളിലെ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭാരവാഹികള്‍ ഒപ്പിട്ടതാണ് നിവേദനം. ഈ നിവേദനങ്ങളിന്‍മേല്‍ അനുകൂല തീരുമാനം ഉണ്ടാകണം. തികഞ്ഞ അവഗണനയാണ് സംഭവിക്കുന്നതെങ്കില്‍ പ്രത്യക്ഷ പ്രക്ഷോഭങ്ങളും സമരപരിപാടികളും നിയമ പോരാട്ടങ്ങളുമായി അല്‍മായ മുന്നേറ്റം മുമ്പോട്ടു പോകും. ഇത് സിനഡിനുള്ള മുന്നറിയിപ്പാണെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Update: 2019-08-17 10:36 GMT

കൊച്ചി: തിങ്കളാഴ്ച ആരംഭിക്കുന്ന സീറോ മലബാര്‍ സമ്പൂര്‍ണ മെത്രാന്‍ സിനഡില്‍ എറണാകുളം- അങ്കമാലി അതിരൂപത ഭൂമി വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുവായി രംഗത്തിറങ്ങുമെന്ന് അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ അല്‍മായ മുന്നേറ്റം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമപരമായും അല്ലാതെയും വിശ്വാസികള്‍ വന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങും. മുറിവേറ്റ ഹൃദയവുമായാണ് വിശ്വാസികള്‍ സിനഡിനെ നോക്കിക്കാണുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്പൂര്‍ണ സിനഡ് 14 ദിവസം നീണ്ടു നില്‍ക്കുന്നതാണ്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങളിലുള്ള ചര്‍ച്ച നടത്തി തീരുമാനം ഏഴ് ദിവസത്തിനകം അറിയിക്കണം.

അതിരൂപതയിലെ നിലവിലെ സ്ഥിതി വിശദീകരിക്കുന്നതിന് ഫൊറോന തലങ്ങളില്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ചിരുന്നു. അതിലൂടെ സമാഹരിച്ച വിവരങ്ങള്‍ പ്രകാരമുള്ള തീരുമാനം അനുസരിച്ച് 16 ഫൊറോനകളില്‍ നിന്നുള്ള പ്രതിനിധികള്‍ നാളെ മൗണ്ട് സെന്റ് തോമസില്‍ സിനഡിന് മുന്നില്‍ ഉച്ചക്ക് 2.30 ന് നിവേദനം സമര്‍പിക്കും. മുന്നൂറോളം ഇടവകകളിലെ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭാരവാഹികള്‍ ഒപ്പിട്ടതാണ് നിവേദനം. ഈ നിവേദനങ്ങളിന്‍മേല്‍ അനുകൂല തീരുമാനം ഉണ്ടാകണം. തികഞ്ഞ അവഗണനയാണ് സംഭവിക്കുന്നതെങ്കില്‍ പ്രത്യക്ഷ പ്രക്ഷോഭങ്ങളും സമരപരിപാടികളും നിയമ പോരാട്ടങ്ങളുമായി അല്‍മായ മുന്നേറ്റം മുമ്പോട്ടു പോകും. ഇത് സിനഡിനുള്ള മുന്നറിയിപ്പാണെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതിരൂപതയുടെ സ്വത്തും പണവും മാനവും നഷ്ടപ്പെട്ടതു കൂടാതെ, ഇപ്പോള്‍ സഹായമെത്രാന്‍മാരെക്കൂടി ഒരു കാരണവും ബോധിപ്പിക്കാതെ പുറത്താക്കിയിരുന്നു. അതിരൂപതക്കുണ്ടായ നഷ്ടം നികത്തണമെന്നുള്ള വത്തിക്കാന്റെ നിര്‍ദേശം പാലിക്കുവാന്‍ വേണ്ട നടപടികള്‍ സിനഡ് സ്വീകരിക്കണം. അതിന്റെ ഭാഗമായി സഹായമെത്രാന്‍മാരെ അതിരൂപതയില്‍ മുന്‍ പൂര്‍ണ്ണ അധികാരത്തോടെ സ്ഥാനങ്ങളില്‍ പുനസ്ഥാപിക്കണം. സഭയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട കാലോചിതമായ നിയമനിര്‍മാണങ്ങള്‍ക്ക് സിനഡ് തയ്യാറാകണം. ഏതൊരു രൂപതയുടെയും സ്വത്തുക്കളുടെയും വസ്തുവകകളുടെയും ക്രയവിക്രയങ്ങള്‍ ഏതാനും പേരുടെ മാത്രം കൈപ്പിടിയില്‍ ഒതുങ്ങുന്നു. ഇതിന് മാറ്റം വരണം. സഭ ഭരണത്തിലും ക്രയവിക്രയങ്ങളിലും അല്‍മായര്‍ക്ക് തുല്യ പങ്കാളിത്തമുള്ള സമിതികളുടെ അനുവാദവും നിര്‍ദ്ദേശങ്ങളും തേടുന്നതിനുള്ള നിയമപരമായ സംവിധാനങ്ങള്‍ രൂപപ്പെടുത്തണം. എന്നിങ്ങനെയാണ് ആവശ്യങ്ങള്‍.

അതിരൂപതയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്തുമ്പോള്‍ അത് അതിരൂപതയുടെ ഭൂമിയോ വസ്തുവകകളോ വിറ്റുകൊണ്ടാകരുത്. മറിച്ച് കര്‍ദിനാള്‍ മമാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്നോ മറ്റുമാര്‍ഗത്തിലോ അത് നടപ്പാക്കണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരെയും മെത്രാന്മാരായെും വിശ്വാസികളെയും സമൂഹ മധ്യത്തില്‍ പരിഹാസ്യരാക്കുന്ന രീതിയില്‍ സീറോ മലബാര്‍ സഭാ വക്താക്കളെന്ന പേരില്‍ ഒരു കൂട്ടം ആളുകളും ഉത്തവാദിത്വപ്പെട്ട ചില വൈദീകരും നിരന്തരം അവഹേളിക്കുന്നു. ഇത് തടയാനുള്ള നടപടികള്‍ സിനഡ് ഉടന്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.അല്‍മായ മുന്നേറ്റം ഭാരവാഹികളായ റിജു കാഞ്ഞൂക്കാരന്‍, ബോബി ജോണ്‍ മലയില്‍, ജോമോന്‍ തോട്ടപ്പിള്ളി, പ്രകാശ് പി.ജോണ്‍, ജോയി കുരിശിങ്കല്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News