ശാന്തിവനം : കെഎസ്ഇബി നല്‍കിയത് തെറ്റായ റിപോര്‍ട്; കോടതിയെ സമീപിക്കുമെന്ന് സമര സമിതി

കോടതിയില്‍ കേസ് നിലനില്‍ക്കെ തന്നെ വൈദ്യുതി ലൈന്‍ വലിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായി എന്ന് പറഞ്ഞത് പൂര്‍ണമായും തെറ്റാണെന്നും ഇവര്‍ പറഞ്ഞു.തെറ്റായി രേഖപ്പെടുത്തിയ റൂട് മാപ്പാണ് ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.ഇവിടുത്തെ മരങ്ങള്‍ കെഎസ് ഇ ബി മുറിച്ചു മാറ്റിയത് സോഷ്യല്‍ ഫോറസ്ട്രിയുടെ അനുമതിയോടെയല്ല

Update: 2019-05-08 11:50 GMT

കൊച്ചി: പറവൂര്‍ ശാന്തിവനത്തിലെ ജൈവആവാസവ്യവസ്ഥയുടെ കാര്യത്തില്‍ കോടതിയെതെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ റിപോര്‍ട്ട് നല്‍കിയ വൈദ്യുതി ബോര്‍ഡിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശാന്തിവനം സംരക്ഷണ സമര സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതി വിധിയില്‍ പറയുന്ന പ്രകാരം ശാന്തിവനം ഉടമസ്ഥയായ മീനാമേനോന് മറ്റു ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ നിലവിലെ അലൈന്‍മെന്റ് മാറ്റിയെടുക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കെ അതിനെ മാനിക്കാതെയാണ് കോടതി വിധിയുടെ പകര്‍പ്പ് കിട്ടാന്‍ പോലും കാത്തു നില്‍ക്കാതെ കെ എസ് ഇ ബി കഴിഞ്ഞ മാസം ആറിന് രാവിലെ ശാന്തിവനത്തിലേക്ക് ജെസിബിയുമായി പ്രവേശിച്ച് വന്‍തോതില്‍ നാശ നഷ്ടം ഉണ്ടാക്കിയത്. ഇത് കോടതിയ ലക്ഷ്യമാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു.

കേസില്‍ കെ എസ് ഇ ബി വ്യാജ രേഖകള്‍ നിരത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ മുതിര്‍ന്നു.കോടതിയില്‍ കേസ് നിലനില്‍ക്കെ തന്നെ വൈദ്യുതി ലൈന്‍ വലിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായി എന്ന് പറഞ്ഞത് പൂര്‍ണമായും തെറ്റാണെന്നും ഇവര്‍ പറഞ്ഞു.തെറ്റായി രേഖപ്പെടുത്തിയ റൂട് മാപ്പാണ് ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.കോടതിയില്‍ കേസു വരുന്ന സമയത്ത് കെ എസ് ഇ ബി ശാന്തിവനത്തില്‍ 10.5 ലക്ഷം രൂപയുടെ ജോലികള്‍ ചെയ്തുവെന്നാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ സമയത്ത് വാസ്തവത്തില്‍ അവര്‍ ചെയ്തത് മൂന്നു മണിക്കൂറോളം ഉണ്ടാക്കിയ നാശ നഷ്ടങ്ങളും ഒരു കുഴിയെടുക്കലും മാത്രമായിരുന്നു.എന്നു മാത്രമല്ല ശാന്തിവനത്തിന് ഉണ്ടാക്കിയ നഷ്ടം വളരെ വലുതമായിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ കലക്ടറും ശാന്തിവനം സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുകയും തുടര്‍ന്ന് നടത്തിയ മീറ്റിംഗില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ശാന്തിവനത്തിന്റെ പ്രത്യേകത സംബന്ധിച്ച് സംസാരിക്കുകയും ഫോറസ്റ്റ് എന്ന നിര്‍വചനത്തില്‍ ശാന്തിവനത്തെ ഉള്‍പ്പെടുത്താവുന്നതാണെന്നും പറഞ്ഞിരുന്നു.ഇവിടുത്തെ മരങ്ങള്‍ കെ എസ് ഇ ബി മുറിച്ചു മാറ്റിയത് സോഷ്യല്‍ ഫോറസ്ട്രിയുടെ അനുമതിയോടെയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.കോടതി ഉത്തരവിലെ സാധ്യതകളുടെ അടിസ്ഥാനത്തില്‍ മീന മേനോന്‍ കലക്ടര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

നിലവിലെ തീരുമാനത്തില്‍ മുറിക്കുന്ന മരങ്ങളുടെ എണ്ണത്തെക്കുറിച്ച് മാത്രമാണ് കലക്ടര്‍ തീരുമാനമെടുത്തത്.മറിച്ച് ശാന്തിവനത്തിന്റെ ആവാസ വ്യവസ്ഥയില്‍ 110 കെവി ലൈന്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചോ അവിടെ ഇതിനകം ഉണ്ടായ നഷ്ടത്തെക്കുറിച്ചോ അലൈന്‍മെന്റില്‍ ഉണ്ടായിട്ടുള്ള അന്യായത്തെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല.ഇവയെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്ന സമരസമിതിയുടെ ആവശ്യത്തില്‍ കലക്ടര്‍ മൗനം പാലിക്കുകയാണ്.

ശാന്തിവനത്തെ സംരക്ഷിക്കുന്നതിനുള്ള ബദല്‍ സാധ്യതകള്‍ സര്‍ക്കാര്‍ പരിഗണിക്കണം.ശാന്തിവനത്തില്‍ നിലവില്‍ നേരിട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും 110 കെ വി ലൈന്‍ ശാന്തിവനത്തിന്റെ ആവാസ വ്യവസ്ഥയില്‍ ഉണ്ടാക്കിയതും ഭാവിയില്‍ ഉണ്ടാക്കുന്നതുമായ ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കണം. അവിടെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നും അല്ലാത്ത പക്ഷ ശക്തമായ സമരപരിപാടികളുമായി രംഗത്തു വരുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. പ്രഫ.ശോഭീന്ദ്രന്‍,അഡ്വ. ശിവന്‍ മഠത്തില്‍,സലീന മോഹന്‍, പ്രഫ കുസുമം ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News