'ചുരുളി' യുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹരജി; ഹൈക്കോടതി വിശദീകരണം തേടി

ഹരജി പരിഗണിച്ച കോടതി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ ജോജു ജോര്‍ജ് എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിശദീകരണം ബോധിപ്പിക്കുന്നതിനു നോട്ടീസ് അയച്ചു

Update: 2021-12-09 14:41 GMT

കൊച്ചി: ചുരുളി എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശന തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.ഹരജി പരിഗണിച്ച കോടതി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ ജോജു ജോര്‍ജ് എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിശദീകരണം ബോധിപ്പിക്കുന്നതിനു നോട്ടീസ് അയച്ചു.

ചുരുളി ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഡ്വ. പെഗ്ഗി ഫെന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. മോശം ഭാഷപ്രയോഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിലെന്ന് ഹരജി പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി. ചിത്രത്തിലുപയോഗിച്ചിരുന്ന മോശം പദപ്രയോഗങ്ങള്‍ ആരും വീടുകളില്‍ ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്ന തരത്തിലുള്ളതല്ലെന്നും കോടതി വ്യക്തമാക്കി.

സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാണ് ചിത്രത്തിലുള്ളതെന്നു ഹരജിക്കാരി കോടതിയില്‍ വാദമുന്നയിച്ചു. സിനിമ ജനങ്ങളെ സ്വാധീനിക്കപ്പെടുന്ന തരത്തിലുള്ള ഒരു കലയാണെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി. സിനിമകളിലെ വാചകങ്ങളാണ് അനുകരണ കലാകാരന്‍ അനുകരിക്കുന്നത്. അത്തരത്തിലുള്ള അനുകരണങ്ങള്‍ പോലും സമൂഹത്തിന്റെ ധാര്‍മികതയെ ബാധിക്കുമെന്നും ഹരജിക്കാരി വ്യക്തമാക്കി.രാജ്യാന്തര മേളകളില്‍ തന്നെ ശ്രദ്ധനേടിയ ചുരുളി അടുത്തിടെയാണ് ഒടിടി പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.

Tags:    

Similar News