കൊവിഷീല്‍ഡ് വാക്‌സിന്‍:രണ്ടാം ഡോസിന്റെ ഇടവേള കുറച്ച ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കൊവീഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നതിനു 84 ദിവസത്തില്‍ നിന്നു 28 ദിവസമായി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചത്

Update: 2021-09-22 15:38 GMT

കൊച്ചി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാം ഡോസ് ഇടവേള കുറച്ച സിംഗിള്‍ബെഞ്ച് വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. കൊവീഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നതിനു 84 ദിവസത്തില്‍ നിന്നു 28 ദിവസമായി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചത്. കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടെ ഇടവേളയുടെ ദിവസങ്ങള്‍ കുറച്ചതു സംബന്ധിച്ചു പ്രസിദ്ധപ്പെടുത്തണമെന്നു കോടതി ഉത്തരവിട്ടിരുന്നു.

കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാര്‍ക്ക് 28 ദിവസത്തിനു ശേഷം കൊവീഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നതിനു സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു സമര്‍പ്പിച്ച ഹരജിയിലായിരുന്നു സിംഗില്‍ബെഞ്ച് വിധിയുണ്ടായത്. ദേശീയ വാക്‌സിന്‍ പോളിസി പ്രകാരം 84 ദിവത്തെ ഇടവേള കുറക്കാനാവില്ലെന്നു സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു.

എന്നാല്‍ വിദേശത്തേക്ക് ജോലിക്കും പഠനത്തിനു പോകുന്നവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നു. ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. പണം മുടക്കി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഇടവേള കുറച്ചെങ്കിലും സര്‍ക്കാര്‍ ചെലവില്‍ എടുക്കുന്നവര്‍ക്ക് ബാധകമല്ലെന്നു സിംഗിള്‍ബെഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അപ്പീല്‍ കോടതി നാളെ പരിഗണിക്കും.

Tags:    

Similar News