ആലപ്പാട് സമരത്തെ പിന്തുണച്ച് സിപിഐ; ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കാനം രാജേന്ദ്രന്‍

അശാസ്ത്രീയ ഖനനം പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

Update: 2019-01-12 12:17 GMT

കോഴിക്കോട്: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരത്തോട് സര്‍ക്കാരും പാര്‍ട്ടിയും മുഖംതിരിച്ചുനില്‍ക്കവെ സമരത്തിന് പിന്തുണയുമായി സിപിഐ രംഗത്ത്. ജനങ്ങളുടെ കൂടെ സമരത്തിനൊപ്പം നില്‍ക്കുമെന്നും ഖനനം നിര്‍ത്തിയശേഷം ചര്‍ച്ചയെന്നാണ് സമരക്കാരുടെ ആവശ്യമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സമരം ഹൈജാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ല. ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു.

അശാസ്ത്രീയ ഖനനം പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ആലപ്പാട് പഠനം നടത്തിയ നിയമസഭാ സമിതിയുടെ ശുപാര്‍ശ കൂടെ പരിഗണിച്ച് ഉചിതമായ സമയത്ത് രമ്യമായി പ്രശ്‌നം പരിഹരിക്കും. അവിടെ എങ്ങനെയാണ് ഖനനം നടത്തേണ്ടതെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. വ്യവസായ വകുപ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുമെന്ന് മന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ അതിജീവനത്തിന്റെ പ്രശ്‌നമാണിത്. അതുകൊണ്ട് ജനങ്ങള്‍ ആശങ്ക അറിയിച്ചാല്‍ സ്വഭാവികമായും ചര്‍ച്ച ആവശ്യമായിവരും. കോംട്രസ്റ്റ് തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ കൊടുക്കാമെന്ന തീരുമാനം എല്‍ഡിഎഫിന്റേതാണ്. ഇത് തെറ്റാണെന്നാണ് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞത്. അത് അദ്ദേഹത്തിന്റെ അഭിപ്രായമായിരിക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News