അക്രമങ്ങള്‍ തുടര്‍ന്നാല്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി

അക്രമം വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ മമത ബാനര്‍ജി സ്വീകരിക്കുന്നില്ല. കഴിഞ്ഞ രണ്ടുദിവസമായി ബംഗാളില്‍ അക്രമം നടന്നിട്ടും അടിച്ചമര്‍ത്താന്‍ ശ്രമിക്കാതെ സര്‍ക്കാര്‍ കാഴ്ചക്കാരനെപ്പോലെ ഇരിക്കുകയാണ്.

Update: 2019-12-14 18:17 GMT

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ അക്രമങ്ങള്‍ പശ്ചിമബംഗാളില്‍ തുടര്‍ന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ. ബംഗ്ലാദേശില്‍നിന്ന് നുഴഞ്ഞുകയറിയവരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍. ഇവിടെയുള്ള സമാധാനം ആഗ്രഹിക്കുന്ന മുസ്‌ലിം സമുദായമല്ല. കലാപകാരികള്‍ സമുദായത്തിന്റെ പേര് കളങ്കപ്പെടുത്താതിരിക്കാന്‍ ബംഗാളിലെ മുസ്‌ലിം സമൂഹം ജാഗ്രതപാലിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിതിഗതികള്‍ ഇത്തരത്തിലെത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രീണനനയങ്ങളാണ്.

അക്രമം വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ മമത ബാനര്‍ജി സ്വീകരിക്കുന്നില്ല. കഴിഞ്ഞ രണ്ടുദിവസമായി ബംഗാളില്‍ അക്രമം നടന്നിട്ടും അടിച്ചമര്‍ത്താന്‍ ശ്രമിക്കാതെ സര്‍ക്കാര്‍ കാഴ്ചക്കാരനെപ്പോലെ ഇരിക്കുകയാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെ ബിജെപി അനുകൂലിക്കുന്നില്ല. എന്നാല്‍, മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ അത് ഏര്‍പ്പെടുത്താന്‍ ബിജെപിക്ക് ആവശ്യപ്പെടേണ്ടിവരും. അക്രമം നടത്തരുതെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നുമുള്ള മമതയുടെ മുന്നറിയിപ്പ് പതിവ് പ്രസ്താവന മാത്രമാണെന്നും സിന്‍ഹ ആരോപിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിനെ മമത ബാനര്‍ജി പ്രോല്‍സാഹിപ്പിച്ചിരുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും ആരോപിച്ചു. 

Tags:    

Similar News