ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഒരടി സ്ഥലം പോലും നല്‍കരുതെന്ന് മമത

ബിജെപി എവിടെ പരിപാടി നടത്തുന്നുണ്ടെങ്കിലും അതിനു മറുപടിയെന്നോണം തൊട്ടടുത്ത ദിവസം തന്നെ അവിടെ യോഗം നടത്തണം

Update: 2019-07-12 01:08 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിക്ക് വളരാന്‍ ഒരടി സ്ഥലം പോലും നല്‍കരുതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേതാക്കളോട് ആഹ്വാനം ചെയ്തു. തൃണമൂല്‍ ഭവനില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് മമതയുടെ ആഹ്വാനം. ബിജെപി എവിടെ പരിപാടി നടത്തുന്നുണ്ടെങ്കിലും അതിനു മറുപടിയെന്നോണം തൊട്ടടുത്ത ദിവസം തന്നെ അവിടെ യോഗം നടത്തണം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപിയെ ശക്തമായി ചെറുക്കണം. ഓരോ പ്രദേശത്തും പാര്‍ട്ടിയുടെ വളര്‍ച്ച ഉറപ്പാക്കാന്‍ നാലംഗ ടീമുകള്‍ രൂപീകരിക്കണം. രണ്ട് ബൂത്തുതല പ്രവര്‍ത്തകരും ഒരു സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റും ഒരു ജില്ലാ നേതാവും ഉള്‍പ്പെട്ടതായിരിക്കും ടീമുകള്‍. ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങള്‍ നാലംഗ ടീമുകള്‍ മനസ്സിലാക്കുകയും ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്യണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മമത നിര്‍ദേശിച്ചു.



Tags: