സാമ്പത്തിക സംവരണത്തിന്റെ മറവില്‍ തിരക്കിട്ട നിയമനത്തിനു കേന്ദ്രനീക്കം

സാമ്പത്തിക സംവരണത്തെ പിന്നാക്ക ജാതിയില്‍ പെട്ടവര്‍ ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടു പ്പ്‌ ലക്ഷ്യമിട്ടാണ് ബിജെപി കരുക്കള്‍ നീക്കുന്നത്

Update: 2019-01-20 02:32 GMT

ന്യൂഡല്‍ഹി: മുന്നാക്ക ജാതികളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് ലോക്‌സഭയിലും രാജ്യസഭയിലും പാസായതിനു പിന്നാലെ തിരക്കിട്ട് നിയമനം നടത്താന്‍ സര്‍ക്കാര്‍ നീക്കം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ച് നിയമമായി ഒരാഴ്ച പിന്നിടുമ്പോഴാണ് ധൃതിപ്പെട്ട് പതിനായിരക്കണക്കിനു നിയമനം നടത്താന്‍ ഉദ്ദേശിച്ച് വിജ്ഞാപനം ഇറക്കുന്നത്. സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് സുപ്രിംകോടതിയില്‍ ഹരജി നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടിയെന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക സംവരണത്തെ പിന്നാക്ക ജാതിയില്‍ പെട്ടവര്‍ ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. ബില്ല് നിയമമായി മാറിയതിനു പിന്നാലെയാണ് അര്‍ധസൈനിക വിഭാഗങ്ങളിലും റെയില്‍വേയിലും പ്രത്യക്ഷ, പരോക്ഷ നികുതി വകുപ്പുകളിലും നിയമത്തിനു നീക്കം നടക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയില്‍ ഒരു ലക്ഷത്തിലേറെ ഒഴിവുകളുണ്ടെന്നാണു കണക്ക്. അര്‍ധസൈനിക വിഭാഗത്തിലും ഇത്ര തന്നെ നിയമനങ്ങളാണു കാത്തിരിക്കുന്നത്. പ്രത്യക്ഷ, പരോക്ഷ നികുതി വകുപ്പുകളില്‍ ഏകദേശം മുക്കാല്‍ ലക്ഷത്തോളം പേരെ ആവശ്യമുണ്ട്. 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക വഴി ഇവിടെയെല്ലാം മുന്നാക്ക ജാതിക്കാര്‍ക്ക് അവസരം ലഭിക്കുന്നത് പിന്നാക്ക വിഭാഗങ്ങളുടെ അവസരം നഷ്ടപ്പെടുത്തുകയാണു ചെയ്യുക. മാത്രമല്ല, സംവരണം എന്നത് ദാരിദ്ര്യ നിര്‍മാര്‍ജ്ജന യജ്ഞമല്ലെന്നും പലവിധ അവഗണനകള്‍ കാരണം സാമൂഹികമായി പിന്നാക്കം പോയവര്‍ക്ക് രാജ്യത്തിന്റെ വിഭവവിതരണത്തില്‍ അവസരം നല്‍കാന്‍ വേണ്ടിയാണ് ഭരണഘടനയില്‍ വിഭാവനം ചെയ്തതെന്നും പല കോണുകളില്‍ നിന്നും ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

    എന്നാല്‍, ഇതെല്ലാം കാറ്റില്‍പ്പറത്തി തിരക്കിട്ട നിയമന നീക്കത്തിലൂടെ മോദി സര്‍ക്കാര്‍ വോട്ട്ബാങ്കാണ് ലക്ഷ്യമിടുന്നതെന്നു വ്യക്തമാണ്. ഒപ്പം നാലുവര്‍ഷത്തിനിടെ 75000ത്തോളം സര്‍ക്കാര്‍ ജോലികള്‍ ഇല്ലാതായെന്ന ഔദ്യോഗിക കണക്കുകളെ മറികടക്കാനുള്ള ശ്രമമാണെന്നും വിലയിരുത്തപ്പെടുന്നു. കരാര്‍ നിയമനവും വിരമിച്ചവര്‍ക്കു വീണ്ടും കരാര്‍ നല്‍കുന്നതും കാരണമാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മുക്കാല്‍ ലക്ഷത്തോളം ജീവനക്കാര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടത്. 2017 ല്‍ റെയില്‍വേയില്‍ മാത്രം 23,000 പേരുടെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ പൊതു ബജറ്റില്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥിതിവിവരക്കണക്കിലാണ് നാലുവര്‍ഷത്തിനിടെ സര്‍ക്കാര്‍ ജോലികള്‍ ഗണ്യമായി കുറഞ്ഞെന്നു വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം പ്രതിരോധം ഒഴികെയുള്ള കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി 33.52 ലക്ഷം ജീവനക്കാരുണ്ടായിരുന്നു. 2014 മാര്‍ച്ച് ഒന്നുമായി താരതമ്യപ്പെടുത്തിയാല്‍ 75,000 പേരുടെ കുറവ്. 2018-19 ല്‍ ജീവനക്കാരുടെ സംഖ്യ 2.50 ലക്ഷം ഉയരുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്ന കണ്ടെത്തലുകളെ മറികടക്കാനും സവര്‍ണരെ തൃപ്തിപ്പെടുത്താനുമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.



Tags: