ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ലോകവ്യാപകമായി നീക്കം ചെയ്യണമെന്ന് കോടതി

ബാബാ രാംദേവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. ഗോഡ്മാന്‍ ടു ടൈക്കൂണ്‍ എന്ന പുസ്തകത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കമുണ്ടെന്നും ഇത് വീഡിയോ ആയും മറ്റ് രൂപത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്നും രാം ദേവ് പരാതിയില്‍ പറയുന്നു.

Update: 2019-10-23 18:34 GMT

ന്യൂഡല്‍ഹി: ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുന്ന വീഡിയോ നീക്കം ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് ദില്ലി ഹൈക്കോടതിയുടെ നിര്‍ദേശം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗ്ള്‍, യൂ ട്യൂബ് അധികൃതര്‍ക്കാണ് ദില്ലി ഹൈക്കോടതി ജസ്റ്റിസ് പ്രതിഭ എം സിംഗ് നിര്‍ദേശം നല്‍കിയത്.

ബാബാ രാംദേവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. ഗോഡ്മാന്‍ ടു ടൈക്കൂണ്‍ എന്ന പുസ്തകത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കമുണ്ടെന്നും ഇത് വീഡിയോ ആയും മറ്റ് രൂപത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്നും രാം ദേവ് പരാതിയില്‍ പറയുന്നു.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം അപകീര്‍ത്തി ഉള്ളടക്കങ്ങള്‍ തടയണമെന്ന് കോടതി നിര്‍ദേശിച്ചു. തെറ്റായ വിവരങ്ങളും അപകീര്‍ത്തിപ്പെടുത്തുന്ന വിവരങ്ങളും ആര്‍ക്കും ലഭ്യമാകരുത്. ഇതിനുള്ള ഉത്തരവാദിത്തം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കാണെന്നും ജഡ്ജി വ്യക്തമാക്കി.

ഇത്തരം വിവരങ്ങളുടെ ഉത്ഭവ സ്ഥാനത്തുനിന്നു തന്നെ നീക്കം ചെയ്യണം. ഇന്ത്യയില്‍ നിന്നുള്ള കംപ്യൂട്ടറില്‍നിന്ന് പ്രചരിച്ച ഇത്തരം പോസ്റ്റുകള്‍ക്ക് ആഗോളതലത്തില്‍ നീക്കം ചെയ്യണം.

അതേസമയം, ഇന്ത്യയില്‍ പ്രചരിക്കുന്ന അപകീര്‍ത്തി ഉള്ളടക്കം തടയാന്‍ നടപടി സ്വീകരിക്കുമെന്ന് സോഷ്യല്‍മീഡിയ അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രചരിക്കുന്ന യുആര്‍എല്‍ നിരോധിക്കും. എന്നാല്‍, ലോകത്താകമാനം തടയണമെന്ന നിര്‍ദേശത്തെ അവര്‍ എതിര്‍ത്തു.

Tags:    

Similar News