റമദാന്‍ വ്രതം; പോളിങ് സമയം മാറ്റില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2019-05-06 06:04 GMT

ന്യൂഡല്‍ഹി: റമദാന്‍ വ്രതം കണക്കിലെടുത്ത് ഇനിയുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങളില്‍ പോളിങ് സമയം മാറ്റില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് സമയം പുലര്‍ച്ചെ നാലര മുതല്‍ തുടങ്ങണമെന്ന അപേക്ഷയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.

ഇതേ ആവശ്യമുന്നയിച്ചുള്ള ഹരജിയില്‍ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകരായ മുഹമ്മദ് നിസാമുദ്ദീന്‍ പാഷ, ആസാദ് ഹയാത്ത് എന്നിവരാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇങ്ങനെയൊരു അപേക്ഷ നല്‍കിയിട്ടും നടപടിയില്ലെന്നും സുപ്രിംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.

മെയ് 12, മെയ് 19 തിയ്യതികളിലാണ് അടുത്ത രണ്ടുഘട്ട തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. 118 സീറ്റുകളിലേക്കുള്ള പോളിങാണ് ഇനി ബാക്കിയുള്ളത്. റമദാന്‍ വ്രതം ആരംഭിച്ച ഇന്ന് 51 സീറ്റുകളില്‍ പോളിങ് നടക്കുന്നുണ്ട്. പലയിടത്തും കനത്ത ചൂടും ഉഷ്ണതരംഗവും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ വ്രതമെടുക്കുന്ന വിശ്വാസികള്‍ക്ക് പോളിങ് ബൂത്തിലെത്താന്‍ ബുദ്ധിമുട്ട് തോന്നിയേക്കാം. ഈ സാഹചര്യത്തില്‍ പോളിങ് രണ്ടര മണിക്കൂര്‍ നേരത്തേ പുലര്‍ച്ചെ നാലര മുതലാക്കണമെന്നായിരുന്നു അഭിഭാഷകരുടെ ഹരജി.

Tags: