നിലപാട് കടുപ്പിച്ച് പാകിസ്താന്‍; സംഝോത എക്‌സ്പ്രസ് നിര്‍ത്തലാക്കുന്നു

Update: 2019-08-08 13:13 GMT

ഇസ്‌ലാമാബാദ്: കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരേ നിലപാട് കടുപ്പിച്ച് പാക്കിസ്താന്‍. ഇന്ത്യയില്‍ നിന്നു പാകിസ്താനിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസായ സംഝോത എക്‌സ്പ്രസ് നിര്‍ത്തലാക്കുകയാണെന്ന് പാകിസ്താന്‍ റെയില്‍വേ മന്ത്രി ഷെയ്ക്ക് റാഷിദ് അഹമ്മദ് അറിയിച്ചു. ആഴ്ചയില്‍ രണ്ടുതവണയായിരുന്നു സംഝോത എക്‌സ്പ്രസ് സര്‍വീസ് നടത്തിയിരുന്നത്. ട്രെയിനിനു ടിക്കറ്റ് ബിക്ക് ചെയ്തവര്‍ക്ക് ലാഹോര്‍ ഡിഎസ് ഓഫിസില്‍നിന്നു പണം തിരിച്ചുതരുമെന്നും അദ്ദേഹം പറഞ്ഞു.

    ഇതിനുപുറമെ, ഇന്ത്യന്‍ സിനിമകള്‍ക്കു പാകിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. നേരത്തേ ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവയ്ക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അറിയിച്ചിരുന്നു. ഇന്ത്യയുടെ നിയുക്ത ഹൈകമ്മീഷണറെ പാക്കിസ്ഥാന്‍ പുറത്താക്കിയിരുന്നു. ഇന്ത്യയില്‍ ഹൈക്കമ്മീഷണര്‍ വേണ്ടെന്നാണു പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍, പാകിസ്താന്‍ ലോകരാഷ്ട്രങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നു ഇന്ത്യ ആരോപിച്ചു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും പാകിസ്താന്‍ തീരുമാനം പുനപരിശോധിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.




Tags:    

Similar News