എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ യുപി സര്‍ക്കാര്‍; സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 102 പേര്‍ അറസ്റ്റില്‍

സാമൂഹികമാധ്യമങ്ങളിലെ 14,000 പോസ്റ്റുകള്‍ക്കെതിരേയാണ് പോലിസ് നടപടി സ്വീകരിച്ചത്. ഇതില്‍ 8,000 പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലേതും 6,000 പോസ്റ്റുകള്‍ ട്വിറ്ററിലേതുമാണ്. 141 എണ്ണം യുട്യൂബില്‍ അപ്‌ലോഡ് ചെയ്തതാണെന്ന് യുപിയില്‍ സോഷ്യല്‍ മീഡിയകളുടെ മോണിറ്ററിങ് ചുമതല വഹിക്കുന്ന എസ്പി മുഹമ്മദ് ഇംമ്രാന്‍ അറിയിച്ചു.

Update: 2019-12-22 11:13 GMT

ലഖ്‌നോ: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ച 102 പേരെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റുചെയ്തു. സമൂഹമാധ്യമങ്ങള്‍വഴി വിദ്വേഷം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ അറസ്റ്റുചെയ്തത്. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയെന്ന ഫാഷിസ്റ്റ് നടപടിയാണ് യുപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പൗരത്വഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നതുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുപിയിലെ 15 ജില്ലകളില്‍ നാലുദിവസമായി പോലിസ് നടത്തിയ പരിശോധനയിലാണ് 102 പേര്‍ അറസ്റ്റിലായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

വിദ്വേഷപ്രചാരണത്തിന്റെ പേരില്‍ 400 പേരെ കരുതല്‍ തടങ്കലിലായിക്കിയെങ്കിലും ഇവരെ പിന്നീട് മോചിപ്പിച്ചു. ആകെ 63 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സാമൂഹികമാധ്യമങ്ങളിലെ 14,000 പോസ്റ്റുകള്‍ക്കെതിരേയാണ് പോലിസ് നടപടി സ്വീകരിച്ചത്. ഇതില്‍ 8,000 പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലേതും 6,000 പോസ്റ്റുകള്‍ ട്വിറ്ററിലേതുമാണ്. 141 എണ്ണം യുട്യൂബില്‍ അപ്‌ലോഡ് ചെയ്തതാണെന്ന് യുപിയില്‍ സോഷ്യല്‍ മീഡിയകളുടെ മോണിറ്ററിങ് ചുമതല വഹിക്കുന്ന എസ്പി മുഹമ്മദ് ഇംമ്രാന്‍ അറിയിച്ചു. യുപിയിലെ 15 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. വ്യക്തികളാണ് ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ചില ഗ്രൂപ്പുകളില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ കിംവദന്തികള്‍ പ്രചരിപ്പിച്ച് ആളുകളെ സംഘടിപ്പിച്ചുവെന്നും എസ്പി ചൂണ്ടിക്കാട്ടി. പടിഞ്ഞാറന്‍ യുപിയിലെ ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് നിരോധനമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ലഖ്‌നോവില്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചെങ്കിലും വൈകുന്നേരത്തോടെ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തിയെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ജനങ്ങള്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പോലിസ് പറയുന്നു. യുപിയില്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 705 പേരാണ് ആകെ അറസ്റ്റിലായത്. 4,500 പേരെ കരുതല്‍ തടങ്കലിലാക്കിയെങ്കിലും വിട്ടയച്ചു. 124 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഖ്‌നോവില്‍ മാത്രം 218 അറസ്റ്റിലായെന്ന് ഡിജിപി ഒപി സിങ് അറിയിച്ചു. 

Tags:    

Similar News