പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു

മിശ്ര സെപ്തംബര്‍ രണ്ടാം വാരം വരെ പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു

Update: 2019-08-30 13:49 GMT

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ അടുത്ത സഹായിയും 2014ല്‍ അധികാരത്തിലെത്തിയതു മുതല്‍ കൂടെയുണ്ടായിരുന്നയാളുമായ നൃപ്രേന്ദ്ര മിശ്ര പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. എന്നാല്‍, 74 കാരനായ മിശ്ര സെപ്തംബര്‍ രണ്ടാം വാരം വരെ പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പകരക്കാരനായി പി കെ സിന്‍ഹയെ നിയമിച്ചിട്ടുണ്ട്. 'പൊതുനയവും ഭരണനിര്‍വഹണവും സംബന്ധിച്ച വിഷയങ്ങളില്‍ വലിയ അവഗാഹമുള്ള മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളാണ് നൃപേന്ദ്ര മിശ്രയെന്നും 2014ല്‍ ന്യൂഡല്‍ഹിയില്‍ എത്തിയതുമുതല്‍ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്നു പഠിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശം വളരെ വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. അഞ്ചുവര്‍ഷത്തിലേറെ പിഎംഒയെ ആത്മാര്‍ഥമായും ഉല്‍സാഹത്തോടെയും സേവിച്ച ശേഷം ഇന്ത്യയുടെ വളര്‍ച്ചാ പാതയില്‍ അവിശജി തന്റെ ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും മോദി ട്വീറ്റ് ചെയ്തു.

   തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം രാജിവയ്ക്കാന്‍ താല്‍പര്യപ്പെട്ടിരുന്നെങ്കിലും മോദിയുടെ അഭ്യര്‍ഥന മാനിച്ച് തദ്സ്ഥാനത്ത് തുടരുകയായിരുന്നു. യുപി കേഡര്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫിസറായ മിശ്ര ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍, ടെലികോം സെക്രട്ടറി, ഫെര്‍ട്ടിലൈസേഴ്‌സ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്നപ്പോള്‍ കാബിനറ്റ് റാങ്ക് ലഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രി മോദി ജൂണ്‍ 11ന് മിശ്രയെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വീണ്ടും നിയമിക്കുകയായിരുന്നു.


Tags:    

Similar News