ബാബരി ഭൂമിയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ജുഡീഷ്യറിക്ക് നന്ദി പറഞ്ഞ് മോദി

Update: 2024-01-22 11:49 GMT

അയോധ്യ: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ജുഡീഷ്യറിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന നിലവില്‍ വന്നതിന് ശേഷവും, രാമന്റെ അസ്തിത്വത്തെച്ചൊല്ലി പതിറ്റാണ്ടുകളായി ഒരു നിയമയുദ്ധം നടന്നെന്നും ഒടുവില്‍ അഞ്ചുവര്‍ഷം മുമ്പ് നീതി നടപ്പാക്കുകയും രാമക്ഷേത്രം നിയമപരമായി നിര്‍മിക്കുകയും ചെയ്ത ജുഡീഷ്യറിക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ബാബരി ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഉത്തരവിട്ട 2019 നവംബറിലെ തീരുമാനത്തെയാണ് മോദി പ്രശംസിച്ചത്. 2024 ജനുവരി 22 കേവലം ഒരു തിയ്യതിയല്ല. അത് ഒരു പുതിയ യുഗത്തിന്റെ ആവിര്‍ഭാവത്തെ അടയാളപ്പെടുത്തുന്നുവെന്നും മോദി പറഞ്ഞു. കേസില്‍ വിധി പറഞ്ഞ സുപ്രിംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിട്ടില്ല. രാമക്ഷേത്ര പ്രസ്ഥാനത്തിന് തുടക്കമിടുകയും രഥയാത്ര നടത്തുകയും ചെയ്ത മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയും ചടങ്ങിനെത്തിയില്ല. ശൈത്യം കാരണമാണ് എത്താതിരുന്നതെന്നാണ് വിശദീകരണം. നേരത്തേ അദ്വാനിയെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിക്കാതിരുന്നതും വിലക്കിയതും വിവാദമായതിനു പിന്നാലെ വിഎച്ച്പി നേതാക്കളെത്തി നേരിട്ട് ക്ഷണിച്ചിരുന്നു. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് മുഖ്യ കാര്‍മികത്വം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, വാരാണസിയില്‍ നിന്നുള്ള പുരോഹിതന്‍ ലക്ഷ്മി കാന്ത് ദീക്ഷിത് എന്നിവരാണ് ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിച്ചത്. അമിതാഭ് ബച്ചന്‍, വിവേക് ഒബ്‌റോയ്, മുകേഷ് അംബാനി, അനില്‍ അംബാനി, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, രാംചരണ്‍, സോനു നിഗം, കങ്കണ, ജാക്കി ഷെറോഫ്, രജനീകാന്ത്, അനുപം ഖേര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, രവീന്ദ്ര ജഡേജ, മിതാലി രാജ്, സൈന നെഹ്‌വാള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങിന് അയോധ്യയിലെത്തിയിരുന്നു.

Tags:    

Similar News