കശ്മീരില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് 'വൃത്തികെട്ട സിനിമകള്‍' കാണാൻ: നീതി ആയോഗ് അംഗം

എന്തുകൊണ്ടാണ് കശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സരസ്വത്.

Update: 2020-01-19 10:21 GMT

മുംബൈ: കശ്മീരില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് 'വൃത്തികെട്ട സിനിമകള്‍' കാണാനെന്ന വിവാദ പരാമർശവുമായി നീതി ആയോഗ് അംഗം വികെ സരസ്വത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയത് സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും സരസ്വത് പറഞ്ഞു. ധിരുഭായി അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജിയുടെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തിനാണ് രാഷ്ട്രീയക്കാര്‍ കശ്മീരിലേക്ക് പോകുന്നത്?. ഡൽഹിയിലെ റോഡുകളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവർക്ക് കശ്മീരിലും പുനസൃഷ്ടിക്കണം. അതിനായി അവർ സമൂഹിക മാധ്യമങ്ങളിലൂടെ തീകൊളുത്തുകയാണ്. കശ്മീരില്‍ ഇന്‍റര്‍നെറ്റ് ഇല്ലാത്തതുകൊണ്ട് എന്താണ് പ്രശ്നം?. ഇന്റർനെറ്റിലൂടെ എന്താണ് നിങ്ങള്‍ അവിടെയുള്ളവർ കാണുന്നത്?. വൃത്തികെട്ട സിനിമകള്‍ കാണുന്നതല്ലാതെ നിങ്ങള്‍ മറ്റൊന്നും ഇന്റർനെറ്റില്‍ ചെയ്യുന്നില്ലെന്നും സരസ്വതി പറഞ്ഞു.

എന്നാല്‍, ഇന്‍റര്‍നെറ്റിന് വിലക്കേർപ്പെടുത്തിയത് കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചില്ലെന്ന് പറയാനാണ് താന്‍ ശ്രമിച്ചതെന്ന് പറഞ്ഞ് വിവാദത്തില്‍നിന്ന് സരസ്വത് തലയൂരുകയായിരുന്നു. രാജ്യത്തിന്റെ വികസനത്തിന് ടെലികോം വളരെ പ്രധാനമാണ് എന്നു പറയുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് കശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സരസ്വത്.

Tags:    

Similar News