മേഘാലയ ഖനി അപകടം: ഒരു മൃതദേഹം കണ്ടെത്തി
2018 ഡിസംബര്‍ 13 ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ അനധികൃത ഖനിയിലായിരുന്നു അപകടം. 15 തൊഴിലാളികളായിരുന്നു ഖനിയില്‍ കുടുങ്ങിപ്പോയത്. ഇവരില്‍ ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച നാവികസേന നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയതായി അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഗുവാഹത്തി: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി റിപോര്‍ട്ട്. 2018 ഡിസംബര്‍ 13 ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ അനധികൃത ഖനിയിലായിരുന്നു അപകടം. 15 തൊഴിലാളികളായിരുന്നു ഖനിയില്‍ കുടുങ്ങിപ്പോയത്. ഇവരില്‍ ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച നാവികസേന നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയതായി അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മൃതദേഹം എത്രയുംവേഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്തപ്രതികരണസേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, ശക്തിയേറിയ പമ്പുസെറ്റുകള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പമ്പ് ചെയ്തു കളഞ്ഞെങ്കിലും ഖനിക്കുള്ളിലെ ജലനിരപ്പ് ഇപ്പോഴും 350 അടിയായി തുടരുകയാണ്. അപകടം നടന്ന് 12 ദിവസത്തിനു ശേഷമാണ് സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ സുപ്രിംകോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.