മദ്രാസ് ഹൈക്കോടതി വിധി: പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ്

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ലെഫ്. ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കിരണ്‍ ബേദി രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി വി നാരായണസ്വാമി ആവശ്യപ്പെട്ടു.

Update: 2019-05-01 17:19 GMT

ചെന്നൈ: പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ലെഫ്. ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കിരണ്‍ ബേദി രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി വി നാരായണസ്വാമി ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് പുതുച്ചേരിയില്‍ ഭരണം നടത്തേണ്ടതെന്ന മദ്രാസ് ഹൈക്കോടതി വിധി ജനങ്ങളുടെ വിജയമാണെന്നും നാരായണസ്വാമി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെയും നിര്‍ദേശപ്രകാരമാണ് കിരണ്‍ ബേദി പുതുച്ചേരി സര്‍ക്കാരില്‍ ഇടപെടലുകള്‍ നടത്താന്‍ ശ്രമിച്ചത്. നരേന്ദ്രമോദി ഫെഡറലിസത്തെക്കുറിച്ച് സംസാരിക്കുമെങ്കിലും അദ്ദേഹം വിശ്വസിക്കുന്നത് സ്വേച്ഛാധിപത്യത്തിലാണെന്നും നാരായണസ്വാമി കുറ്റപ്പെടുത്തി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കി വിധി പുറപ്പെടുവിച്ചത്. പുതുച്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരായണനാണ് ബേദിയുടെ ഇടപെടലിനെതിരേ ഹരജി നല്‍കിയത്. പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന് നിര്‍ദേശിച്ച മദ്രാസ് ഹൈക്കോടതി, സര്‍ക്കാരിനോട് ദൈനംദിന റിപോര്‍ട്ട് വാങ്ങാന്‍ ലെഫ്. ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന 2017ലെ കേന്ദ്ര ഉത്തരവ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 

Tags: