10 രൂപ അധികം ഈടാക്കി; ബിയര്‍ വില്‍പനക്കാരനെ വെടിവച്ച് കൊന്നു

കുടുംബത്തിന്റെ പരാതിയില്‍ കാസ്‌ന പോലിസ് കാസ്‌ന സ്വദേശി സുരേന്ദ്ര(36), ഗാസിയാബാദിലെ രാജു ഗുര്‍ജാര്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരേ കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തു

Update: 2019-03-29 05:53 GMT

ലക്‌നോ: ബിയറിന് എംആര്‍പിയില്‍ കൂടുതലായി 10 രൂപ അധികം ഈടാക്കിയ വില്‍പനക്കാരനെ മൂന്നംഗ സംഘം വെടിവച്ച് കൊന്നു. ബുധനാഴ്ച രാത്രി ഗ്രേററ്റര്‍ നോയ്ഡയിലെ ആയേച്ചാറിലെ മദ്യവില്‍പന ശാലയിലെ വില്‍പനക്കാരനായിരുന്ന കാസ്‌നയില്‍ താമസിക്കുന്ന ബുലന്ദ്ഷഹര്‍ സ്വദേശി കുല്‍ദീപ് നാഗറി(25)നെയാണ് കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ബുധനാഴ്ച രാത്രി 9.10ഓടെയാണ് മൂന്നംഗസംഘം കടയിലെത്തിയത്. ഇവര്‍ നാഗറുമായി ബിയറിന്റെ വിലയെ ചൊല്ലി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. എംആര്‍പിയേക്കാള്‍ 10 രൂപ അധികം വാങ്ങിയെന്നു പറഞ്ഞാണ് തര്‍ക്കം തുടങ്ങിയത്.
    സംഘത്തിലെ സുരേന്ദ്ര എന്നയാള്‍ നാലു റൗണ്ട് വെടിയുതിര്‍ത്തെന്നും രണ്ടുതവണ നാഗറിന്റെ ശരീരത്തിലേക്കാണ് വെടിവച്ചതെന്നും നാഗറിന്റെ അമ്മാവനും ദൃക്‌സാക്ഷിയുമായ റോതഷ് സിങ് പറഞ്ഞു. എന്റെ രണ്ടു പേരമക്കളായ വിനോദ്, വിവേക് എന്നിവര്‍ കടയിലുള്ളപ്പോഴാണ് മൂന്നുപേര്‍ വന്നത്. ഈ സമയം കുല്‍ദീപും ആകാശുമാണ് കടയിലുണ്ടായിരുന്നത്. വാക്കുതര്‍ക്കത്തിനിടെ സുരേന്ദ്രയാണ് വെടിവച്ചത്. അവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഉടനെ സമീപത്തെ ഐവറി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടുവെന്നും റോതഷ് സിങ് പറഞ്ഞു. മാര്‍ച്ച് 19നു രാത്രി കടയടച്ചപ്പോള്‍ ഇവര്‍ വന്നിരുന്നു. അപ്പോള്‍ പേരമക്കള്‍ പറഞ്ഞു ബിയര്‍ വില്‍പനയ്ക്കില്ലെന്ന്. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
    കുടുംബത്തിന്റെ പരാതിയില്‍ കാസ്‌ന പോലിസ് കാസ്‌ന സ്വദേശി സുരേന്ദ്ര(36), ഗാസിയാബാദിലെ രാജു ഗുര്‍ജാര്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരേ കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തു. പ്രതികളെല്ലാം ഒളിവിലാണെന്നും പ്രദേശത്തൊന്നും സിസിടിവി കാമറയില്ലെന്നും പോലിസ് പറഞ്ഞു. എന്നാല്‍, പ്രദേശവാസികളെ ചോദ്യം ചെയ്തതില്‍ നിന്നു ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സ്വിഫ്റ്റ് കാറിലാണ് രക്ഷപ്പെട്ടതെന്നാണു വിവരം. ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും റൂറല്‍ പോലിസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാള്‍ പറഞ്ഞു.



Tags:    

Similar News