ജഹാംഗീര്‍പുരി സംഘര്‍ഷം: അക്രമികളെ തൊടാതെ ഇരകളെ അറസ്റ്റ് ചെയ്ത് പോലിസ്; അറസ്റ്റിലായ 14 പേരും ഒരു സമുദായത്തില്‍നിന്നുള്ളവര്‍

സംഘര്‍ഷമുണ്ടാക്കിയവരെ പൂര്‍ണമായും ഒഴിവാക്കി ഇരകളായവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കലാപം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Update: 2022-04-17 13:18 GMT

ന്യൂഡല്‍ഹി: ശനിയാഴ്ച ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കിടെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്ത 14 പേരും ഒരു സമുദായത്തില്‍നിന്നുള്ളവര്‍. സംഘര്‍ഷമുണ്ടാക്കിയവരെ പൂര്‍ണമായും ഒഴിവാക്കി ഇരകളായവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കലാപം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ അക്രമി സംഘം ഏതാനും വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. 



ജഹാംഗീര്‍പുരി പൊലീസ് സ്‌റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) ഫയല്‍ ചെയ്തിട്ടുണ്ട്.

എട്ട് പോലീസുകാരും ഒരു പ്രദേശവാസിയുമുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും അവരെല്ലാം ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പതക് പറഞ്ഞു. ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് വെടിയേറ്റ് പരിക്ക് പറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച ഹനുമാന്‍ ജയന്തി ദിനത്തില്‍ വലതുപക്ഷ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അംഗങ്ങള്‍ നടത്തിയ റാലിയില്‍ ആന്ധ്രാപ്രദേശിലെ ഹോളഗുണ്ടയിലും സംഘര്‍ഷമുണ്ടായി.

ഘോഷയാത്ര ഒരു പള്ളിക്ക് സമീപമെത്തിയപ്പോള്‍ തീവ്രഹിന്ദു സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവര്‍ത്തകര്‍ ഉച്ചത്തിലുള്ള സംഗീതം മുഴക്കുകയും പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇതിനിടെ കല്ലേറ് ഉണ്ടായി എന്നാരോപിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന് ശേഷം ഇരുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.അറസ്റ്റ് സ്ഥിരീകരിച്ചപ്പോള്‍, പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ (നോര്‍ത്ത് സോണ്‍ ക്രമസമാധാനം) ദേപേന്ദ്ര പതക് പറഞ്ഞു.

രാമനവമി ആഘോഷത്തിനിടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹനുമാന്‍ ജയന്തിയുടെ അവസരത്തില്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ പോലിസ് അതീവ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags: