ആന്ധ്രയോട് അനീതി കാട്ടുന്നു; ഞങ്ങളും ഈ രാജ്യത്തുള്ളവരാണ്: ചന്ദ്രബാബു നായിഡു
ഞങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണ്, നീതി ഞങ്ങള്‍ക്കും വേണം
ന്യൂ ഡല്‍ഹി: ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുക എന്ന ആവശ്യമുയര്‍ത്തി നടത്തുന്ന ഏകദിന സത്യാഗ്രഹ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ആന്ധ്രയോട് കേന്ദ്രം കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും ആന്ധ്രയില്‍ വരുമ്പോള്‍ മോദി തന്നെ ആക്രമിക്കുകയാണെന്നും എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. വ്യക്തിഹത്യ നിര്‍ത്തി ആന്ധ്രയ്ക്ക് വേണ്ടത് ചെയ്യുകയാണു വേണ്ടത്.തന്റെ സമരം കേന്ദ്ര സര്‍ക്കാരിനെതിരേയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് നല്കിയ വാഗ്ദാനം പാലിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നില്ല. ഞങ്ങള്‍ അവകാശം നേടാതെ മടങ്ങില്ലെന്ന് മോദിക്ക് താക്കീത് നല്‍കുകയാണ്. ഞങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണ്, നീതി ഞങ്ങള്‍ക്കും വേണം. രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തിന്റെ ആവശ്യം തിരിച്ചറിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. കഴിഞ്ഞ ദിവസം ആന്ധ്രയിലെത്തിയ നരേന്ദ്ര മോദി ചന്ദ്രബാബു നായിഡു ചതിയനാണെന്നു വിളിച്ചിരുന്നു.