ഇന്ത്യക്കാര്‍ ഗിനി പന്നികളല്ല;പരീക്ഷണം തീരാതെ കൊവാക്‌സിന്‍ ഉപയോഗിക്കരുത്: മനീഷ് തിവാരി

ഏതു വാക്‌സിന്‍ കുത്തിവെക്കണമെന്ന് തീരുമാനിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍ക്ക് സാധിക്കില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്.

Update: 2021-01-13 11:59 GMT

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഗിനി പന്നികളെല്ലെന്നും മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിനു മുമ്പ് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ വിതരണം ചെയ്യരുതെന്നും കോണ്‍ഗ്രസ് എംപി മനീഷ് തിവാരി. വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍ക്ക് ഏത് വാക്‌സിന്‍ വേണമെന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിമര്‍ശനവുമായി മനീഷ് തിവാരി രംഗത്തെത്തിയത്.

കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഏതു വാക്‌സിന്‍ കുത്തിവെക്കണമെന്ന് തീരുമാനിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍ക്ക് സാധിക്കില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇത് വാക്‌സിന്റെ കാര്യക്ഷമത സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും തിവാരി പറഞ്ഞു.

ഇപ്പോള്‍ കൊവാക്‌സിന്‍ വിതരണം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി, വാക്‌സിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും തെളിയിക്കപ്പെട്ടതിനു ശേഷം മാത്രം വാക്‌സിന്‍ വിതരണം നടത്തണം. ജനങ്ങളെ പൂര്‍ണ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കൊവാക്‌സിന്‍ കുത്തിവെക്കുന്നത് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാക്കി മാറ്റാന്‍ പാടില്ല. ഇന്ത്യക്കാര്‍ ഗിനി പന്നികളല്ലെന്നും അദ്ദേഹം പറഞ്ഞു. 

Similar News